NattuvarthaLatest NewsKeralaNews

ഒബാമയുടെ ഉപദേഷ്ടാവായി കണ്ണൂർ സ്വദേശി സച്ചിന്‍ദേവ്

വിനോദ് കണ്ണൂർ

കണ്ണൂർ: കണ്ണൂർക്കാർക്ക് ഇങ്ങനെയും അഭിമാനിക്കാം… ആർക്കെങ്കിലും അറിയുമോ സച്ചിൻ ദേവ് പവിത്രനെ? അഴീക്കോട്ടുകാരനായ സച്ചിന്‍ദേവ് പവിത്രനെ നാട്ടില്‍ അറിയുന്നവര്‍ വിരളം. നാലാം വയസ്സില്‍ കാഴ്ചനഷ്ടപ്പെട്ട സച്ചിന്‍ദേവിന്റെ വാക്കുകള്‍ക്ക് വലിയ വിലകല്പിക്കുന്നൊരാളെ കേട്ടാല്‍ എല്ലാവരുമൊന്നു ഞെട്ടും. അമേരിക്കന്‍ പ്രസിഡന്റ് സാക്ഷാല്‍ ബരാക് ഒബാമ. മൂന്നുവര്‍ഷമായി ഒബാമയുടെ ഉപദേഷ്ടാവാണ് സച്ചിന്‍ദേവ്. അച്ഛനുമമ്മയും അഴീക്കോട്ടുകാരാണെങ്കിലും സച്ചിന്‍ ജനിച്ചതും പഠിച്ചതും ചെന്നൈയിലാണ്.

ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. യൂട്ടാ സര്‍വകലാശാലയില്‍ അംഗപരിമിതര്‍ക്കായി പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് പഠനം നടത്തി പിഎച്ച്.ഡി. നേടി. അന്ധനായ സച്ചിന്‍ പ്രത്യേക സോഫ്‌റ്റുവെയർ ഉപയോഗിച്ചാണ് വൈറ്റ് ഹൗസില്‍ ഇപ്പോള്‍ ആശയവിനിമയം നടത്തുന്നത്. ഭിന്നശേഷിയുള്ളവരുടെ നയരൂപവത്കരണത്തില്‍ 15 വര്‍ഷത്തോളമുള്ള ഇദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞാണ് യു.എ. ആക്‌സസ് ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തത്. അമേരിക്കന്‍ പ്രസിഡന്റ് നേരിട്ടാണ് ഈ ബോര്‍ഡിലേക്ക് 13 പേരെ നാമനിര്‍ദേശം ചെയ്യുന്നത്.

മുന്‍ അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് പരേതനായ പി.വി.കുഞ്ഞിരാമന്‍ മാസ്റ്റരുടെ സഹോദരി ലക്ഷ്മിയുടെ മകനാണ് സച്ചിന്റെ അച്ഛന്‍ പവിത്രന്‍. കുഞ്ഞിരാമന്‍ മാസ്റ്റരുടെ സഹോദരന്‍ പരേതനായ നാരായണന്റെ (ചെന്നൈ) മകള്‍ സുരജയാണ് സച്ചിന്റെ അമ്മ. പവിത്രന്‍ 2006-ല്‍ മരിച്ചു. അതിനുശേഷം അമ്മ സുരജയും സച്ചിന്റെ സഹോദരി ഷോമയും ദുബായിലാണ്.

സച്ചിന്റെ ഭാര്യ മാര്‍ഗരറ്റ് അമേരിക്കയില്‍ പ്രായാധിക്യം ബാധിച്ചവരെ ശുശ്രൂഷിക്കുന്ന സ്ഥാപനത്തില്‍ നഴ്‌സാണ്. 2004-ലായിരുന്നു വിവാഹം. ഇവര്‍ക്ക് രണ്ടുകുട്ടികള്‍-മായയും , ആയിഷയും. അഞ്ചുവര്‍ഷം കൂടുമ്പോള്‍ സച്ചിന്‍ കണ്ണൂരിലെത്താറുണ്ട്. വന്നാല്‍ പുതിയാപ്പറമ്പിലെ തറവാട്ടിലാണ് താമസം.

നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡില്‍ അംഗമാണ് സച്ചിന്‍. 2012 ഡിസംബറിലാണ് ഇദ്ദേഹത്തെ ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തത്. ബിസിനസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആന്‍ഡ് മാര്‍ക്കറ്റിങ്ങില്‍ ഡിഗ്രിയും റീഹാബിലിറ്റേഷന്‍ കൗണ്‍സിലിങ്ങില്‍ ബിരുദാനന്തര ബിരുദവും ഇദ്ദേഹത്തിനുണ്ട്. ആക്‌സസ് ബോര്‍ഡ് അംഗം എന്ന നിലയില്‍ ഈ മുപ്പത്തിനാലുകാരൻ സദാ തിരക്കാണ്. ഇടയ്ക്ക് വീണുകിട്ടുന്ന സമയം ബോട്ടിങ്ങിനും വിനോദയാത്രയ്ക്കും നീക്കിവെക്കും സച്ചിന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button