പൂനെ : ചരിത്രം കുറിയ്ക്കാനൊരുങ്ങുകയാണ് പൂനെയിലെ ഗാലക്‌സി കെയര്‍ ആശുപത്രി. ഇന്ത്യയിലെ ആദ്യത്തെ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി ചരിത്രനേട്ടത്തിന് അവകാശികളാകാന്‍ തയാറെടുപ്പിലാണ് ആശുപത്രി മാനേജ്‌മെന്റ്ും ഡോക്ടര്‍മാര്‍ ആടക്കമുള്ള ജീവനക്കാരും.
മേയ് 18 നാണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്. ബറോഡയിലെ യുവതിയിലാണ് ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുക. അമ്മയുടെ ഗര്‍ഭപാത്രമാണ് യുവതിയില്‍ വച്ചുപിടിപ്പിക്കുന്നത്.
വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷമായും കുഞ്ഞ് ഉണ്ടാവത്തതിനാലാണ് യുവതി പുതിയ പരീക്ഷണത്തിന് തയാറാകുന്നത്. നാല് തവണ ഗര്‍ഭം ധരിച്ചിരുന്നെങ്കിലും ഗര്‍ഭപാത്രത്തിന്റെ തകരാറുമൂലം കുഞ്ഞിനെ പ്രസവിക്കാനായില്ല. രണ്ട് തവണ പൂര്‍ണ ഗര്‍ഭാവസ്ഥയിലാണ് കുഞ്ഞിനെ നഷ്ടമായത്. മകള്‍ക്ക് ഗര്‍ഭപാത്രം ദാനം നല്‍കുന്നതില്‍ സന്തോഷം മാത്രമാണെന്ന് യുവതിയുടെ അമ്മ പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി ഗാലക്‌സി ആശുപത്രിയില്‍ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. ശസ്ത്രക്രിയ നടത്താനുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആശുപത്രി സന്ദര്‍ശിച്ച ശേഷമാണ് ശസ്ത്രക്രിയ നടത്താനുള്ള അനുമതി ലഭിച്ചതെന്നും ഗാലക്‌സി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഗാലക്‌സി ആശുപത്രി കൂടാതെ ബംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയ്ക്കും ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.
ബറോഡയില്‍ നിന്നുള്ള യുവതിയുടെ കൂടാതെ മെയ് 19നു ഗാലക്സി ആശുപത്രിയില്‍ തന്നെ മറ്റൊരു ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ കൂടി നടക്കും. ശസ്ത്രക്രിയയ്ക്കായി രണ്ടു യുവതികളെയും മെയ് 9 നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകത്ത് ഇതുവരെ 25 ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നു. 2002ല്‍ സൗദി അറേബ്യയിലാണ് വിജയകരമായി ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. പുതിയ ഗര്‍ഭപാത്രം വച്ചുപിടിപ്പിക്കാനായെങ്കിലും യുവതിക്ക് കുഞ്ഞിനു ജന്മം നല്‍കാന്‍ സാധിച്ചിരുന്നില്ല. 2011ല്‍ സ്വീഡനില്‍ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതി കുഞ്ഞിനു ജന്മം നല്‍കിയിരുന്നു.
Post Your Comments