Latest NewsIndiaNews

ഫ്ലിപ്പ്കാര്‍ട്ടില്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത്

മുംബൈ•വൈഭവ് വസന്ത് കാംബ്ലെ രണ്ട് പുതിയ ഫോണുകള്‍ക്കാണ് ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്ലിപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ നല്‍കിയത്. പാക്കേജ് കൃത്യസമയത്ത് തന്നെ ലഭിക്കുകയും ചെയ്തു. പക്ഷേ, തുറന്ന് നോക്കിയപ്പോഴാണ് കാംബ്ലെയ്ക്ക് അമളി മനസിലാകുന്നത്. ഫോണുകള്‍ക്ക് പകരം പാക്കേജില്‍ ഉണ്ടായിരുന്നത് ഒരു ബാര്‍ സോപ്പും, ഒരു പായ്ക്കറ്റ് വാഷിംഗ് പൗഡറും.

സാംസംഗ് ഫോണുകള്‍ക്ക് പകരം സോപ്പ് ഡെലിവര്‍ ചെയ്ത ഫ്ലിപ്പ്കാര്‍ട്ടിനെതിരെ കാംബ്ലെ മുംബൈ ബാന്ദ്ര-കുര്‍ള കോംപ്ലക്സ് (ബി.കെ.സി) പോലീസില്‍ വഞ്ചനാക്കേസ് നല്‍കിയിട്ടുണ്ട്.

ദിവ സ്വദേശിയായ കാംബ്ലേ മെയ് മൂന്നിനാണ് ബി.കെ.സിയിലെ തന്റെ ഓഫീസില്‍ നിന്നും രണ്ട് സാംസംഗ് ഫോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. മേയ് 6 ന് ഫ്ലിപ്പ് കാര്‍ട്ടിന്റെ തന്നെ ഉടമസ്ഥതയിലുള്ള കൊറിയര്‍ കമ്പനിയായ ‘ഇ-കാര്‍ട്ട്‌ ലോജിസ്റ്റിക്സി’ല്‍  നിന്നുള്ള ഡെലിവറി ബോയ്‌ ഫോണുമായി എത്തി. തനിക്ക് ഇപ്പോള്‍ ഒരു ഫോണ്‍ മതിയെന്നും ഉപയോഗിച്ച് നോക്കി കൊള്ളാമെങ്കില്‍ രണ്ടമത്തെ ഫോണും വാങ്ങിക്കൊള്ളാമെന്ന് കാംബ്ലേ അറിയിച്ചു.

തുടര്‍ന്ന് ഒരു ഫോണിന്റെ വിലയായ 14,900 രൂപ നല്‍കിയ ശേഷം കൊറിയര്‍ പാക്കേജുമായി കാംബ്ലെ ഓഫീസിലേക്ക് പോയി. ഏറെ വൈകിയാണ് കാംബ്ലേ പെട്ടി പൊട്ടിച്ചുനോക്കുന്നത്. ഫോണിന് പകരം ബാര്‍ സോപ്പും ഒരു പായ്ക്കറ്റ് സോപ്പുപൊടിയും. ഡെലിവറി ബോയ്‌യെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.

പിന്നീട് കാംബ്ലെ ടെലിഫോണ്‍ മുഖാന്തിരവും ഇ-മെയില്‍ മുഖാന്തിരവും ഫ്ലിപ്പ്കാര്‍ട്ട് പ്രതിനിധികളുമായി ബന്ധപ്പെട്ടു. ആദ്യം സഹായം വാഗ്ദാനം ചെയ്ത ഇവര്‍ പിന്നീട് കാംബ്ലെയുടെ ഫോണ്‍ വിളികളോട് പ്രതികരിക്കാതെയായി. തുടര്‍ന്നാണ് കാംബ്ലെ ഫ്ലിപ്പ്കാര്‍ട്ടിനും ഇ-കാര്‍ട്ടിനുമെതിരെ കേസ് നല്‍കിയത്.

സംഭവത്തോട് ഇതുവരെ ഫ്ലിപ്പ്കാര്‍ട്ട്‌ ഔദ്യോഗികമയി പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button