പുല്‍പ്പള്ളി: വരള്‍ച്ചയും കൃഷിനാശവും പിടിമുറുക്കിയ പുല്‍പ്പള്ളി മേഖലയെ ഹരിതാഭമാക്കുകയെന്ന ലക്ഷ്യത്തോടെ സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വനവത്ക്കരണ പരിപാടികള്‍ക്ക് തുടക്കമായി. പരിസ്ഥിതിദിനം വരെ നീളുന്ന വനവത്ക്കരണ പരിപാടി പ്രത്യേകം ആസൂത്രണം ചെയ്താണ് നടപ്പിലാക്കുന്നത്. പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് വൃക്ഷതൈകള്‍ ധാരാളമായി നടാറുണ്ടെങ്കിലും അതൊന്നും വേണ്ടത്ര രീതിയില്‍ പരിപാലിക്കപ്പെടുന്നില്ലെന്നതിന്റെ ഉദ്ദാഹരമാണ് കാലാവസ്ഥയിലുണ്ടാവുന്ന വ്യതിയാനവും വരള്‍ച്ചയും.
ഇതിന് പരിഹാരമെന്നോണമാണ് സിറ്റിക്ലബ്ബ് പുതിയൊരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. നൂറോളം വരുന്ന ക്ലബ്ബ് അംഗങ്ങള്‍ അവരുടെ കൃഷിയിടത്തില്‍ 25 വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. ഈ വൃക്ഷത്തൈകള്‍ വേണ്ടവിധത്തില്‍ പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. തുടര്‍ന്ന് രണ്ടാംഘട്ടമെന്ന നിലയില്‍ ക്ലബ്ബ് അംഗങ്ങള്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൃഷിയിടത്തില്‍ വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കും. ഇതിന് മുന്നോടിയായി മരങ്ങള്‍ നട്ടുവളര്‍ത്തേണ്ടത് സംബന്ധിച്ച് ബോധവത്ക്കരണം നടത്താനും ക്ലബ്ബ് പദ്ധതിയിട്ടിട്ടുണ്ട്.
പ്ലാവ്, മാവ്, പേര, സപ്പോര്‍ട്ട, ബട്ടര്‍ഫ്രൂട്ട്, നെല്ലി, പുളി എന്നിങ്ങനെയുള്ള ഫലവൃക്ഷങ്ങളാണ് നടാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഇതിന് പുറമെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സ്വാശ്രയസംഘങ്ങള്‍, മറ്റ് പരിസ്ഥിതി സംഘടനകള്‍ എന്നിവയുമായി സംയോജിച്ച് വൃക്ഷത്തൈകള്‍ നടാനും പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ ഓഫീസ് പരിസരത്ത് വൃക്ഷതൈകള്‍ നട്ട് പരിപാലിക്കാനും പദ്ധതിയുണ്ട്.
ഫലവൃക്ഷങ്ങള്‍ക്ക് പുറമെ ചോലമരങ്ങളും, പൂമരങ്ങളുമെല്ലാം വനവത്ക്കരണ പരിപാടിയുടെ ഭാഗമായി നടുന്നുണ്ട്. പുല്‍പ്പള്ളി മേഖലയില്‍ മാത്രമായി പതിനായിരത്തോളം വൃക്ഷത്തൈകള്‍ നടാനാണ് സിറ്റിക്ലബ്ബ് ഒരുങ്ങുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പാടിച്ചിറ പള്ളിയങ്കണത്തില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ഫാ. സജി പുഞ്ചയില്‍ ഉദ്ഘാടനം ചെയ്തു. ഒരുമാസം നീണ്ടു നില്‍ക്കുന്ന പദ്ധതിയില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം വരുംദിവസങ്ങളില്‍ കൂടുതല്‍ വൃക്ഷത്തൈകള്‍ നടും. ജില്ലയിലെ വിവിധ നഴ്‌സറികളില്‍ നിന്നും കൊണ്ടുവരുന്ന ഗുണമേന്മയുള്ള വൃക്ഷത്തൈകളാണ് വനവത്ക്കരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നടുന്നതെന്ന പ്രത്യേകത കൂടി ഈ പദ്ധതിക്കുണ്ട്.
കടപ്പാട്: അനിൽകുമാർ അയനിക്കോടൻ.
Post Your Comments