KeralaLatest NewsNews

വാണിജ്യനികുതി അസിസ്റ്റന്റ് കമ്മീഷണർമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം• വാണിജ്യനികുതി വകുപ്പിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.  തിരുവനന്തപുരത്തെ ഫ്ളാറ്റ് നിർമ്മാതാക്കളായ ഹീര കൺസ്ട്രക്ഷൻ കമ്പനിക്ക് അനധികൃതമായി നികുതി ഇളവ് നൽകിയതിനാണ് സസ്പെൻഷൻ. തിരുവനന്തപുരം സ്പെഷ്യൽ സർക്കിളിലെ അസിസ്റ്റന്റ് കമ്മീഷണറായ ശ്രീമതി. ശ്രീബിന്ദു, കൊല്ലം സ്പെഷ്യൽ സർക്കിളിലെ അസിസ്റ്റന്റ് കമ്മീഷണർ ശ്രീ. സി. ശശികുമാർ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

സബ്കോൺട്രാക്ട് ചെയ്ത നിർമ്മാണ പ്രവൃത്തികൾക്ക് നികുതി അടച്ചതായി തെറ്റായി സാക്ഷ്യപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ഒറിജിനൽ കരാറുകാരന്റെ നികുതിയിൽ കുറവു നൽകുകയും ചെയ്തതിനാണ് നടപടി. മുൻ വർഷങ്ങളിലെ രേഖകൾ ബന്ധപ്പെട്ട മേലുദ്യോഗസ്ഥർ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടർന്നാണ് വിവിധ വർഷങ്ങളിലായി ഏകദേശം 50 കോടിക്ക് നൽകേണ്ട നികുതിയിൽ ഇളവു നൽകിയതായി കണ്ടെത്തിയത്.

അനധികൃതമായി നൽകിയ ഫോറം 20 എച്ച് ന്റെ പിൻബലത്തിലാണ് വേണ്ടത്ര പരിശോധന ഒഴിവാക്കി കോടിക്കണക്കിന് വിറ്റുവരവ് വെട്ടിക്കുന്നതിന് ഈ ഉദ്യോഗസ്ഥർ ഒത്താശ നൽകിയത്. ധനമന്ത്രിയുടെ നിർദ്ദേശാനുസരണം നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് അന്വേഷണ വിധേയമായി ഇവരെ സസ്പെന്റ് ചെയ്തത്. സമാന സ്വഭാവത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ അനധികൃത നികുതി ഇളവ് നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കുവാൻ നികുതി വകുപ്പ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button