Latest NewsIndiaNews

കെജ്രിവാളിനെതിരായ ആരോപണത്തില്‍ പുതിയ വഴിത്തിരിവ്; കെജ്രിവാളിന്റെ ബന്ധു മരിച്ചനിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെതിരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് കപില്‍ മിശ്ര ഉന്നയിച്ച അഴിമതി ആരോപണത്തില്‍ പുതിയ വഴിത്തിരിവ്.

വ്യവസായി സത്യേന്ദ്ര ജെയിന്‍ നടത്തിയ വിവാദമായ 50 കോടിയുടെ ഭൂമിയിടപാടുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അടുത്ത ബന്ധുവിന് പങ്കുണ്ടെന്നായിരുന്നു കപില്‍ മിശ്രയുടെ ആരോപണം. ഇതുകൂടാതെ വേറെയും ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരേ കപില്‍ മിശ്ര നടത്തിയിരുന്നു.

സത്യേന്ദ്ര ജയിനിന്റെ ഇടപാടില്‍ ഇടനില നിന്ന മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിന്റെ പേര് താന്‍ തിങ്കളാഴ്ച വെളിപ്പെടുത്തുമെന്ന് മിശ്ര പ്രഖ്യാപിച്ചതിന് ഏതാനും മണിക്കൂറിനകം മുഖ്യമന്ത്രി കേജ്രിവാളിന്റെ ഭാര്യയുടെ സഹോദരീഭര്‍ത്താവ് സുരേന്ദ്രകുമാര്‍ ബന്‍സാല്‍ മരണമടഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

സുരേന്ദ്രകുമാര്‍ ബന്‍സാല്‍ മരിച്ച വിവരം പുറത്തുവന്നത് തിങ്കളാഴ്ചയാണ്. ഇതിന് പിന്നാലെ താന്‍ വെളിപ്പെടുത്താനിരുന്ന, അനധികൃത ഇടപാട് നടത്തിയ മുഖ്യമന്ത്രിയുടെ ബന്ധു ബന്‍സാല്‍ തന്നെയായിരുന്നുവെന്ന് മിശ്ര വ്യക്തമാക്കി. ഭൂമിയിടപാട് കൂടാതെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും ഡല്‍ഹി മുന്‍സിപ്പില്‍ തെരഞ്ഞെടുപ്പിലുമായി ബന്‍സാല്‍ 50 കോടിയുടെ തട്ടിപ്പ് നടത്തിയതായും കപില്‍ മിശ്ര പറഞ്ഞു.

മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് കപില്‍ മിശ്ര, കെജ്രിവാളിനെയും എഎപിയേയും മുള്‍മുനയിലാക്കുന്ന അഴിമതി ആരോപണവുമായി വന്നത്. ഇത് സംബന്ധിച്ച് ഏത് അന്വേഷണവുമായി സഹകരിക്കാനും തെളിവ് നല്‍കാനും തയാറാണെന്നും മിശ്ര പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കുടിവെള്ള വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് വാട്ടര്‍ ടാങ്ക് വാങ്ങുന്നതിലും വന്‍ക്രമക്കേട് നടന്നതായും ഇതിന്റെ പേരില്‍ സത്യേന്ദ്ര ജയിനിനോട് മുഖ്യമന്ത്രി കേജ്രിവാള്‍ രണ്ടുകോടി രൂപ വാങ്ങിയതായും കപില്‍ മിശ്ര ആരോപിച്ചിരുന്നു.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് സുരേന്ദ്ര ബന്‍സാലിന്റെ മരണം. എന്നാല്‍ ഈ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അഴിമതി ആരോപണത്തില്‍ സാക്ഷിയെ ഇല്ലാതാക്കാനുള്ള കരുതിക്കൂട്ടിയുള്ള പദ്ധതി മരണത്തിന് പിന്നില്‍ നടന്നോയെന്നും ചില കോണുകളില്‍ നിന്ന് സംശയമുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button