മലപ്പുറം•അരീക്കോട് സ്വദേശി അബുക്ക ഇന്ന് നാടിനു തന്നെ അഭിമാനമാവുന്നു. കൊടുംവേനലിൽ ജലാശയങ്ങൾ വറ്റിവരണ്ടു പൊറുതിമുട്ടിയ ജനത്തിന് ഉപദേശവും, ഉപകാരവുമായ അബുക്കയുടെ മഴവെള്ള സംഭരണിയെ കുറിച്ചറിയാൻ അരീക്കോടിലേക്ക് ഒഴുകിയെത്തുന്നത് ദിനംപ്രതി ആയിരങ്ങൾ. കിണറിൽ നിന്നും 3-5 അടി അകലത്തിൽ ഒരു മീറ്റർ വിസ്താരത്തിലും, ആഴത്തിലും തയ്യാറാക്കുന്ന കുഴിയിൽ ചകിരിപൊളി (തൊണ്ട്) കമിഴ്ത്തി നിരയായി, ഭൂ നിരപ്പിൽ നിന്നും ഒരടി ഉയരത്തിൽ വരെ അടുക്കി, കുഴിയുടെ ചുറ്റിനും കല്ലുകൊണ്ട്/ഓടുകൊണ്ടു വട്ടത്തിൽ തടയണ കെട്ടി മുറ്റത്തെ വെള്ളം ഇറങ്ങാതെ സംരക്ഷിച്ചു, മഴവെള്ളം പിവിസി പാത്തിയിലൂടെ ഇതിലേക്ക് കൊണ്ടുവരുന്ന ഈ രീതി കഴിഞ്ഞ പതിനഞ്ചു വർഷമായി വിജയകരമായി നടപ്പിലാക്കുന്നതായി ഇദ്ദേഹത്തോടൊപ്പം, ഇതിന്റെ ഉപയോക്താക്കളായ അയൽവാസികളും സാക്ഷ്യപ്പെടുത്തുന്നു.
കുഴൽക്കിണർ പരിസരങ്ങളിലും ഇത് വിജയകരമെന്ന് പറയുന്ന ഇദ്ദേഹം ആവശ്യപ്പെടുന്നവരുടെ വീടുകളിൽ നേരിട്ട് വന്നു കുഴി തയ്യാറാക്കുന്നതിന് മേൽനോട്ടം നൽകുന്നു. സമൂഹ നന്മക്കായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ വലിയ മനസ്സിനെ നാടൊന്നാടങ്കം അഭിമാനത്തോടെ ഏറ്റെടുത്തു ഒരോ വീട്ടിലും ഇത്തരത്തിലുള്ള മഴവെള്ള സംഭരണികൾ നിർമിച്ചിരിക്കുന്ന കാഴ്ചയും ഇവിടങ്ങളിൽ കാണാം. നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ‘അബുക്ക’ ഇന്ന് ഒട്ടനവധി ആളുകൾക്ക് പ്രചോദനമാണ്.
-സുധീർ കെ കുന്നത്ത്
Post Your Comments