KeralaLatest NewsNews

അഴിമതിയില്‍നിന്ന് റവന്യൂവകുപ്പിനെ മോചിപ്പിക്കാന്‍ തീവ്രനടപടി

കൊല്ലം: അഴിമതിയില്‍നിന്ന് റവന്യൂവകുപ്പിനെ മോചിപ്പിക്കാന്‍ തീവ്രനടപടി കൈക്കൊള്ളുമെന്ന് സർക്കാർ. സര്‍വീസില്‍നിന്ന് അഴിമതിക്കാരെ മാറ്റിനിര്‍ത്താനും അര്‍ഹമായ ശിക്ഷ ഉറപ്പാക്കാനുമാണ് നിര്‍ദ്ദേശം. റവന്യൂവകുപ്പ് അഴിമതിയില്‍ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്താണെന്ന വിജിലന്‍സിന്റെ വിവരശേഖരണത്തെത്തുടര്‍ന്നാണ് നടപടി. ഇതേപ്പറ്റി വന്ന വാര്‍ത്തകള്‍ അതീവഗൗരവത്തോടെ കാണുന്നതായി സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ലാന്‍ഡ് റവന്യൂ കമ്മിഷണറെയും വകുപ്പ് തലവന്മാരെയും കളക്ടര്‍മാരെയുമാണ് അഴിമതിനിര്‍മാര്‍ജനത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കൈക്കൂലി നല്‍കരുതെന്ന് ജനങ്ങളെ ബോധവത്കരിക്കുകയും കൈക്കൂലി വാങ്ങുന്നവരുടെപേരില്‍ കര്‍ശന നടപടി സ്വീകരിക്കുകയും വേണം. ഇതിനായി നിരീക്ഷണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും റവന്യൂ വിജിലന്‍സിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. റവന്യൂ ഓഫീസുകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മിന്നല്‍പ്പരിശോധന നടത്തണം. താലൂക്കുതലത്തില്‍ അഴിമതിവിരുദ്ധ സ്‌ക്വാഡ് രൂപവത്കരിക്കാമെന്നും നിര്‍ദ്ദേശമുണ്ട്. ഓഫീസുകളില്‍നിന്ന് ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കും.

അഴിമതി നടത്തിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യം വന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്തണം. വേഗത്തില്‍ അച്ചടക്കനടപടികള്‍ പൂര്‍ത്തിയാക്കി അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കണം. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ താക്കീത് ചെയ്യുകയും അവരെ നിരീക്ഷിക്കുകയും വേണം. കൈക്കൂലിയോ പാരിതോഷികമോ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയാണെങ്കില്‍ വിവരം അറിയിക്കുന്നതിന് റവന്യൂവകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ഉന്നതാധികാരികളുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തണം. കളക്ടറേറ്റ്, ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റ്, വിജിലന്‍സ്, മന്ത്രിയുടെ ഓഫീസ് എന്നിവയുടെ നമ്പരുകളാണ് പ്രദര്‍ശിപ്പിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button