KeralaLatest NewsNews

നീല ബീക്കണ്‍ ലൈറ്റ് പോലീസ് വാഹനങ്ങളിലും ഉപയോഗിക്കരുത്

തിരുവനന്തപുരം: പോലീസ് വാഹനങ്ങളിലും നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കരുതെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയത്തിന്റെ വിജ്ഞാപനം. ക്രമസമാധാനച്ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് ത്രിവര്‍ണലൈറ്റുകള്‍ മാത്രം ഉപയോഗിക്കാം. കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തിലെ പുതിയ ഭേദഗതിപ്രകാരമാണ് പുതിയ തീരുമാനം. ഇതില്‍ ചുവപ്പ്, നീല, വെള്ള നിറങ്ങള്‍ ആകാം. നീലനിറം മാത്രമായി ഉപയോഗിക്കാന്‍ പാടില്ല. ട്രാഫിക്, ക്രൈംബ്രാഞ്ച്, വിജിലന്‍സ്, ബോംബ് സ്‌ക്വാഡ് തുടങ്ങി പോലീസിന്റെ മറ്റുവിഭാഗങ്ങള്‍ക്ക് ബീക്കണ്‍ ലൈറ്റ് ഒഴിവാക്കേണ്ടിവരും.

ത്രിവര്‍ണലൈറ്റുകള്‍ ഉപയോഗിക്കുന്നതിനും കടുത്ത നിയന്ത്രണമുണ്ട്. അഗ്നിരക്ഷാസേന, ക്രമസമാധാനച്ചുമതലയുള്ള സൈനിക-അര്‍ധസൈനിക, പോലീസ് വിഭാഗങ്ങള്‍, ദുരന്തനിവാരണസേനാംഗങ്ങളുടെ വാഹനങ്ങള്‍ എന്നിവയ്ക്കു മാത്രമേ ബീക്കണ്‍ ലൈറ്റുകള്‍ക്ക് അനുമതിയുള്ളൂ.

ഭൂകമ്പം, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ്, സുനാമി, അണുവികരണം എന്നിങ്ങനെ ദുരന്തനിവാരണസേനയുടെ മേഖലകളും നിര്‍വചിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ സേനാവാഹനങ്ങളായാലും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ ബീക്കണ്‍ ലൈറ്റുകള്‍ നീക്കംചെയ്യണം. ക്രമസമാധാനച്ചുമതല, ദുരന്തനിവാരണം എന്നീ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്കൊന്നും ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.

ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാനനുമതിയുള്ള വാഹനങ്ങളുടെ പട്ടിക എല്ലാവര്‍ഷവും സംസ്ഥാന ഗതാഗതവകുപ്പ് പ്രസിദ്ധീകരിക്കണം. ദുരുപയോഗം തടയുന്നതിനുവേണ്ടിയാണ് അംഗീകൃതപട്ടിക വെളിപ്പെടുത്താന്‍ ഉത്തരവിട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button