മുംബൈ•പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശമയയ്ക്കുന്ന 24 കാരനെ ബാന്ദ്രയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. 16 കാരിയായ പെണ്‍കുട്ടി പ്രതിയ്ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം വെളിച്ചത്ത് വരുന്നത്. എസ്.എം.എസ് വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്ന ഇയാള്‍ പെണ്‍കുട്ടിയുടെ അടിവസ്ത്രത്തിന്റെ നിറം വരെ പരാമര്‍ശിച്ചായിരുന്നു സന്ദേശങ്ങള്‍.
ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് ബാന്ദ്രപോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ 15 ഓളം പെണ്‍കുട്ടികള്‍ക്ക് ഇയാള്‍ ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് യൂണിറ്റ് 9 പ്രതിയായ രോഹന്‍ ഡിസൂസയെ അറസ്റ്റ് ചെയ്തത്.
തൊഴില്‍ രഹിതനായ ഇയാള്‍ പ്രദേശത്ത് കറങ്ങി നടന്ന് വീടുകള്‍ക്ക് പുറത്ത് അലക്കിയിട്ടിരിക്കുന്ന പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ നോക്കി മനസിലാക്കും. പിന്നീട് ഇതിന്റെ നിറവും മറ്റും പറഞ്ഞ് പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ മൂന്ന്-നാല് മാസമായി താനിത് ചെയ്തുവരികയാണെന്നും നിരവധി പെണ്‍കുട്ടികള്‍ക്ക് ഇത്തരത്തില്‍ എസ്.എം.എസുകള്‍ അയച്ചിട്ടുണ്ടെന്നും ഇയാള്‍ കുറ്റസമ്മതം നടത്തി.
പ്രതി തന്റെ മാതാവിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. എന്നാല്‍ ഇതേക്കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിസൂസയെ ബാന്ദ്ര പോലീസിന് കൈമാറി. ഇയാള്‍ക്കെതിരെ 354-ഡി, 509 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇന്ന് രാവിലെ ഇയാളെ കോടതിയില്‍ ഹാജരാക്കും.
Post Your Comments