ലണ്ടൻ: എെ.ക്യു ടെസ്റ്റില്‍ ആൽബർട്ട് ഐൻസ്റ്റീനെയും സ്റ്റീഫൻ ഹോക്കിംഗിനെയും പിന്നിലാക്കി ഒരു ഇന്ത്യൻ പെൺകുട്ടി. രാജ്ഗൗരി പവാർ എന്ന 12കാരിയാണ് ബ്രിട്ടിഷ് മെൻസ ഐക്യു പരീക്ഷയിൽ 162 മാർക്ക് കരസ്ഥമാക്കി ഈ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന മെൻസ ഐക്യു പരീക്ഷയിൽ 18 വയസിനു താഴെയുള്ള ഒരു കുട്ടിക്ക് നേടാൻ സാധിക്കുന്നതിന്റെ പരമാവധി മാർക്കാണ് രാജ്ഗൗരി നേടിയത്. ഇത് കൂടാതെ ലോകപ്രശസ്തമായ മെൻസ സൊസൈറ്റിയിൽ അംഗത്വത്തിനുള്ള ക്ഷണവും രാജ്ഗൗരിക്കു ലഭിച്ചു.
ലോകത്താകമാനം 2000 പേരില്‍ രാജ് ഗൗരി മാത്രമേ ഈ നേട്ടം കെെവരിച്ചിട്ടുള്ളുവെന്ന് മെന്‍സ വ്യക്തമാക്കി. വ്യക്തികളുടെ ബൗദ്ധിക നിലവാരം മനശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ അളക്കുന്നതാണ് ബ്രിട്ടീഷ് മെൻസ ഐക്യു ടെസ്റ്റ്. “ടെസ്റ്റിന് മുമ്പ് ചെറിയൊരു പേടി ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ വളരെ സന്തുഷ്ടയാണെന്നും” രാജ്ഗൗരി പറഞ്ഞു.
മാഞ്ചസ്റ്റർ സർവകലാശാലയിൽ റിസർച്ച് സയന്റിസ്റ്റും മഹാരാഷ്ട്രയിലെ പൂന സ്വദേശിയുമായ ഡോ.സൂരജ്കുമാർ പവാറിന്റെ മകളും ആൾട്രിൻചാം ഗ്രാമർ സ്കൂളിലെ വിദ്യാർഥിനിയുമാണ് രാജ്ഗൗരി. ഫിസിക്സ്, ബഹിരാകാശം, പരിസ്ഥിതി എന്നീ വിഷയങ്ങളിൽ മിടുക്കി ആയ രാജ്ഗൗരിക്ക് ഡോക്ടറാകാനാണ് ആഗ്രഹം.
Post Your Comments