തിരുവനന്തപുരം : പുതിയ ഉത്തരവ് മൂലം പ്രമാദമായ കേസുകള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഡിവൈഎസ്പിമാരെ പോലും സ്ഥലം മാറ്റി. മുന്‍മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു എന്നിവരുള്‍പ്പെട്ട അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന 22 വിജിലന്‍സ് ഡിവൈ.എസ്.പി.മാരടക്കം 100 ഡിവൈ.എസ്.പി.മാരെ സ്ഥലം മാറ്റി. ടി.പി. ചന്ദ്രശേഖരന് വധക്കേസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെയുള്ള അഴിമതിക്കേസ്, വെള്ളാപ്പള്ളി നടേശന് ഉള്‍പ്പെട്ട മൈക്രോഫിനാന്‍സ് കേസ് എന്നിവ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മാറ്റമുണ്ട്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രഗല്ഭരെന്ന് കണ്ടെത്തി വിജിലന്സിലേക്കെടുത്ത ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ മാറ്റിയത്.
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി. ജോസി ചെറിയാനെ കോഴിക്കോട് വിജിലന്‍സ് യൂണിറ്റില്‍നിന്ന് കൊല്ലം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കാണ് മാറ്റിയത്. ഈ കേസന്വേഷണത്തിലുണ്ടായിരുന്ന ബാക്കി ഉദ്യോഗസ്ഥരെ നേരത്തേ അപ്രധാന വകുപ്പുകളിലേക്ക് മാറ്റിയിരുന്നു. പാറ്റൂര്‍ കേസ് അന്വേഷിക്കുന്ന ജി.എല്‍. അജിത്, മൈക്രോഫിനാന്‍സ് കേസ് അന്വേഷിക്കുന്ന എം.ആര്. സതീഷ് കുമാര്‍, മൂക്കുന്നിമലയിലെ അനധികൃതഖനനക്കേസ് അന്വേഷിക്കുന്ന ആര്.ഡി. അജിത് എന്നിവര്‍ക്കും മാറ്റമുണ്ട്. മലബാര്‍ സിമന്റ്സ് കേസ് അന്വേഷിക്കുന്ന എം. സുകുമാരനെയും മാറ്റി.
100 ഡിവൈ.എസ്.പി.മാരുടെ സ്ഥലംമാറ്റ ഉത്തരവില്‍ വിജിലന്‍സിലാണ് വലിയ അഴിച്ചുപണി. പ്രധാനപ്പെട്ട അഴിമതി ക്കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയെല്ലാം വിജിലന്‍സില്‍ നിന്ന് മാറ്റി. ഇവര്‍ക്ക് സ്പെഷല്‍ യൂണിറ്റിലാണ് പുതിയനിയമനം. സാധാരണ സ്പെഷ്യല്‍ യൂണിറ്റില്‍ ജോലി ചെയ്യുന്നവരെ ക്രമസമാധാന ചുമതലയില്‍ നിയമിക്കുകയാണ് പതിവ്. എറണാകുളത്ത് കെ.എം. മാണിക്കെതിരായ കോഴിക്കോഴക്കേസ് അന്വേഷിക്കുന്ന ഫിറോസ് എം. ഷഫീക്ക്, കെ. ബാബുവിനെതിരായ അനധികൃതസ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന ബിജി ജോര്‍ജ്, ടോം ജോസിനെതിരായ വരവില്‍ കവിഞ്ഞ സ്വത്ത് കേസ് അന്വേഷിക്കുന്ന കെ.ആര്. വേണുഗോപാല്‍, ചിലവന്നൂര്‍ കായല്‍ തീരത്തെ അനധികൃത കെട്ടിട നിര്‍മാണങ്ങളടക്കമുള്ള പ്രധാനകേസുകള്‍ അന്വേഷിക്കുന്ന എം.എന്‍. രമേശ് എന്നിവരെയാണ് മാറ്റിയത്.
Post Your Comments