തലശേരി: നങ്ങാറത്ത് പീടിക-കൊമ്മൽവയൽ പ്രദേശങ്ങളിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വീടുകളും വാഹനങ്ങളും അടിച്ചു തകര്‍ത്തു .ഏഴു വീടുകളും എട്ടു ബൈക്കുകളും ഒരു കാറുമാണ് തകര്‍ത്തത്. സംഘർഷത്തെ തുടർന്ന് പോലീസ് സിപിഎം-ബിജെപി പ്രവർത്തകരായ 15 പേരെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ കസ്റ്റഡിയിലെടുത്തവരിൽ ഒരു ബിജെപി പ്രവർത്തകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ മാതാവ് ന്യൂമാഹി പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി.
വെള്ളിയാഴ്ച തലശേരി നഗരസഭയുടെ 150-ാം വാർഷികത്തോടനുബന്ധിച്ച് വാർഡ് തലത്തിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ വിളംബര ഘോഷയാത്രയ്ക്കിടയിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് മർദനമേറ്റതിനെ തുടർന്നാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. മർദനമേറ്റ ബിജെപി പ്രവർത്തകരായ സനൽ, വിഷ്ണു എന്നിവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമ വിവരമറിഞ്ഞ് എസ്പി ശിവവിക്രം, സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, ന്യൂമാഹി പ്രിൻസിപ്പൽ എസ്ഐ അൻഷാദ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തി. രാത്രി റെയ്ഡിൽ പിടികൂടിയ 15 പേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും നിരപരാധികളെന്നു കണ്ടെത്തുന്നവരെ വിട്ടയക്കുമെന്നും ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ പറഞ്ഞു.
Post Your Comments