KeralaLatest NewsNews

‘വണ്ടിപ്പണി തെണ്ടിപ്പണി’ യുവാവിന്റെ വീഡിയോ വൈറലാവുന്നു : സ്പീഡ് ഗവര്‍ണര്‍ വേണ്ടത് ചെത്ത് പിള്ളേര്‍ സഞ്ചരിയ്ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക്

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ വാഹന ക്ഷേമനിധി പിരിവിനെതിരെ നിശിത വിമര്‍ശനവുമായി തന്റെ വാഹനത്തിലിരുന്നു വീഡിയോ റെക്കോര്‍ഡ്ചെയ്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിന്റെ വാക്കുകള്‍ വൈറലാവുന്നു.

ഏതൊരു ചരക്കു വാഹനത്തിനും ക്ഷേമനിധി അടക്കണമെന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഭരണകാലത്തു നടപ്പിലാക്കിയ നിയമം സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന ഒന്നെന്നു യുവാവ് സമര്‍ത്ഥിക്കുന്നു. തന്റെ വാഹനത്തിലെ ഡ്രൈവറുടെ പേരില്‍ അടക്കുന്ന ക്ഷേമനിധി ഈ ഡ്രൈവര്‍ മറ്റൊരു വാഹനത്തിലേക്ക് ജോലി മാറിയാല്‍ വീണ്ടും അടക്കേണമെന്നും, ആര്‍ക്കെങ്കിലും ഈ അടക്കുന്ന ക്ഷേമനിധികൊണ്ടു ഉപകാരപ്രദമായിട്ടുണ്ടെന്നു കരുതുന്നില്ല എന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.

മാത്രമല്ല ക്ഷേമനിധി അടച്ചാല്‍ മാത്രമേ വാഹന ടാക്‌സ് അടക്കാന്‍ കഴിയൂ എന്ന ട്രാന്‍സ്‌പോര്‍ട് അതോറിറ്റി നിയമവും കഷ്ടത്തിലാക്കുന്നത് സാധാരണക്കാരനെ. അന്നന്നത്തെ അരി വാങ്ങാന്‍ കഷ്ടപ്പെടുന്ന തങ്ങള്‍ക്കു ഇത്തരത്തില്‍ നിയമം കൊണ്ടുവരിക വഴി ‘ശരിയാക്കല്‍’ നടന്നു എന്നും ഹാസ്യത്തിലൂടെ ധ്വനിപ്പിക്കുന്ന യുവാവ്, ചെറിയ നാലുചക്ര ചരക്കു വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന നിയമത്തെയും എടുത്തുപറയുന്നു. നിലവില്‍ പരമാവധി 50 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഇത്തരം വാഹനങ്ങളില്‍ അല്ല, മറിച്ചു പറന്നുപോവുന്ന വേഗതയില്‍ ‘ചെത്ത്പിള്ളേര്‍’ സഞ്ചരിക്കുന്ന ഇരുചക്ര വാഹങ്ങള്‍ക്കാണ് സ്പീഡ് ഗവര്‍ണര്‍ വേണ്ടതെന്നും പറയുന്നു.

shortlink

Post Your Comments


Back to top button