തിരുവനന്തപുരം•ഇന്ത്യയിലെ ആദ്യത്തെ യുണൈറ്റഡ് നേഷന്‍സ് ടെക്‌നോളജി ഇന്നവേഷന്‍ ലാബ് തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ ധാരണയായി. ഇതിനോടനുബന്ധിച്ച് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ സംസ്ഥാന ഐ.ടി.സെക്രട്ടറി എം. ശിവശങ്കര്‍ ചര്‍ച്ചകള്‍ നയിച്ചു. യു.എന്‍. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യുണിക്കേഷന്‍ ടെക്‌നോളജി ബിസിനസ്സ് റിലേഷന്‍ മേധാവി ഒസൈര്‍ ഖാന്‍, ഓപ്പറേഷന്‍ വിഭാഗം മേധാവി പ്രേംനാഥ് നായര്‍, പ്രതിനിധികളായ ഒമര്‍ മൊഹിസിന്‍, സുബ്രതോ ബാസു തുടങ്ങിയവരും, സ്റ്റാര്‍ട്ട് അപ് മിഷന്‍ ഡയറക്ടര്‍ സജി ഗോപിനാഥ്, ശുചിത്വമിഷന്‍ ഡയറക്ടര്‍ കെ. വാസുകി, ഐ.ടി. പാര്‍ക്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍, ഐ.സി. ഫോസ്സ് ഡയറക്ടര്‍ ജയശങ്കര്‍ പ്രസാദ്, ജിടെക് മുന്‍പ്രസിഡന്റ് അനൂപ് അംബിക തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.
വെള്ളം, ശുചീകരണം, യാത്രാസൗകര്യങ്ങള്‍, കൃഷി തുടങ്ങിയ മേഖലയിലുള്ള പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിലേക്കാണ് യു.എന്‍ ഇന്നവേഷന്‍ കേന്ദ്രം, കേരള സ്റ്റാര്‍ട്ട് അപ് മിഷനുമായി ചേര്‍ന്ന് സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഹരിത കേരള മിഷന്‍, ശുചിത്വമിഷന്‍, കെ.എസ്.ഇ.ബി., ഐ.ടി. മിഷന്‍, ടെക്‌നോപാര്‍ക്ക്, ജിടെക് തുടങ്ങിയവയിലെ മുതിര്‍ന്ന പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറില്‍ സാമൂഹ്യസേവന രംഗത്തുള്ള നിരവധി പദ്ധതികളെപ്പറ്റി വിശകലനം നടത്തി.
യു.എന്‍ ടെക്‌നോളജി ലാബുമായി ചേര്‍ന്ന് അന്താരാഷ്ട്ര മേഖലയിലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയും നെറ്റ്‌വര്‍ക്ക് വിപുലമാക്കുകയും ചെയ്യുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ടെക്‌നോളികള്‍ വികസിപ്പിക്കാന്‍ സാഹചര്യമൊരുങ്ങുമെന്നും ഐ.ടി സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞു.
യു എന്‍ ടെക്‌നോളജി ഇന്നവേഷന്‍ ലാബുമായി ചേര്‍ന്നുള്ള സാങ്കേതിക വിദ്യാ സംരംഭങ്ങള്‍ കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ് സംസ്‌കാരത്തെ അന്താരാഷ്ട്ര മേഖലയില്‍ എത്തിക്കുന്നതോടൊപ്പം യുവസംരംഭകര്‍ക്ക് ആവേശം പകരുമെന്നും സ്റ്റാര്‍ട്ട് അപ് മിഷന്‍ ഡയറക്ടര്‍ സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു.
Post Your Comments