
തിരുവനന്തപുരം : ഉപദേഷ്ടാക്കളുടെ എണ്ണത്തില്‍ വ്യക്തതയില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഒരേദിവസം എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത മറുപടികളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട നൂറിലേറെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് ഉപദേഷ്ടാക്കളെ സംബന്ധിച്ച വ്യത്യസ്ത ഉത്തരങ്ങള്‍ എം.എല്‍എമാര്‍ക്ക് ലഭിച്ചത്.
ഏപ്രില്‍ 25 നാണ് എം.എല്‍.എമാര്‍ വിവിധ മേഖലകളില്‍ മുഖ്യമന്ത്രിക്ക് എത്ര ഉപദേഷ്ടാക്കളുണ്ടെന്ന ചോദ്യം ഉന്നയിച്ചത്. ലീഗ് അംഗങ്ങളായ ടി.വി ഇബ്രാഹീം, പാറയ്ക്കല്‍ അബ്ദുള്ള എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിന് തനിക്ക് ആറ് ഉപദേശകരുണ്ടെന്ന മറുപടി മുഖ്യമന്ത്രി നല്‍കി. എന്നാല്‍, അതേദിവസം കോണ്‍ഗ്രസ് എം.എല്‍.എ എം വിന്‍സെന്റ് ചോദിച്ച അതേ ചോദ്യത്തിന് തനിക്ക് എട്ട് ഉപദേഷ്ടാക്കളുണ്ടെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. കഴിഞ്ഞ ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തിന് പിന്നാലെയാണ് എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്.
Post Your Comments