Latest NewsHealth & Fitness

ഇന്ന് ലോക ആസ്ത്മ ദിനം : അറിഞ്ഞിരിക്കാം കാരണങ്ങളും പ്രതിവിധികളും

ഇന്ന് ലോക ആസ്ത്മ ദിനം. ഇത് ലോകമെമ്പാടും ധാരാളം ആളുകളില്‍ കണ്ടുവരുന്ന ഒരു രോഗമാണ്. വന്നുകഴിഞ്ഞാല്‍ ഇടയ്ക്കിടെ നമ്മെ അത് ഉപദ്രവിച്ചുകൊണ്ടേയിരിക്കും. രണ്ടരക്കോടി ആളുകളാണ് ആസ്ത്മകൊണ്ട് ലോകത്ത് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. എന്നാല്‍ അസുഖത്തെ കുറയ്ക്കാനും പതിയെ സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനും ഫലപ്രദമായ മരുന്നുകളുണ്ട്.
ആസ്ത്മയെ പൂര്‍ണമായി മാറ്റാനാവില്ല എന്ന് പറയാറുണ്ട്. എന്നാല്‍ അത് തീര്‍ച്ചയായും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വാചകമാണ്. കാരണം പൂര്‍ണമായും മാറ്റാനാവില്ല എന്നുപറഞ്ഞാല്‍ എപ്പോഴും ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്ന് ചിലര്‍ ധരിച്ചുപോകാനിടയുണ്ട്. എന്നാല്‍ ആസ്ത്മ രോഗമുള്ളവര്‍ ചികിത്സ തേടിയാലും ഇനിയൊരിക്കലും വരില്ല എന്ന് ഉറപ്പിച്ച് പറയാനാവില്ല എന്നതാണ് ചികിത്സിച്ച് മാറ്റാനാവാത്തത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
രോഗം ഉണ്ടാകാനുള്ള കാരണങ്ങള്‍

അലര്‍ജികള്‍, ചില ഭക്ഷണം, പൂപ്പല്‍, പൂമ്പൊടികള്‍, ചിലമരുന്നുകള്‍ എന്നിവ ആസ്ത്മ പെട്ടെന്നുണ്ടാവാന്‍ കാരണമാകാം. കൂടാതെ കാലാവസ്ഥ മാറ്റം, ചില ഗന്ധങ്ങള്‍, പെയിന്റ്, പെര്‍ഫ്യും, രാസവസ്തുക്കള്‍, പുക, തണുത്തകാറ്റ്, തണുത്ത വെള്ളം, വീട്ടിലെ പൊടിയും അവതിന്നുജീവിക്കുന്ന സുക്ഷ്മ ജീവികളുടെ വിസര്‍ജ്യവും, പുകവലി, വളര്‍ത്തു മൃഗങ്ങളുടെ സാമിപ്യം, വൈറസ്, ഫംഗസ്, ബാക്ടീരിയ (ഉദാ: വില്ലന്‍ ചുമ), പരാദങ്ങള്‍ (ഉദാ: വിരശല്യം), ദേഷ്യം, സങ്കടം, പേടി, മൂക്കില്‍ ദശ, തുമ്മല്‍, സൈനസൈറ്റിസ്, ജലദോഷം, ദഹനക്കേടുകള്‍, മാസമുറ, ഗോയിറ്റര്‍, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവയും ആസ്ത്മ പെട്ടെന്നുണ്ടാകാന്‍ കാരണമാകും.

ആസ്ത്മ രോഗികള്‍ക്ക് ശ്വാസം കിട്ടാത്ത അവസ്ഥയും നെഞ്ചില്‍ വിസിലടിക്കുന്നതു പോലെ കുറുകുറുപ്പ് അനുഭവപ്പെടുകയും ചെയ്യും. നിശ്വാസം ശ്വാസത്തേക്കാള്‍ നീണ്ടതാകുന്നു. ഹൃദയത്തിലേക്കുള്ള രക്തമൊഴുക്ക് കുറയുകയും രക്തസമ്മര്‍ദ്ദം കുറഞ്ഞ് ശരീര കോശങ്ങളിലേക്കുള്ള പോഷണം കുറയുകയും ചെയ്യും. ചിലരില്‍ നെഞ്ചിടിപ്പ്, തലവേദന, വയറുവേദന, ചര്‍ദ്ദി എന്നിവയുണ്ടാകാം.

രോഗലക്ഷണം കൊണ്ടുതന്നെ രോഗനിര്‍ണ്ണയം സാധ്യമാണെങ്കിലും ചില ലാബ് ടെസ്റ്റുകള്‍ കൂടി നടത്തേണ്ടിവരാറുണ്ട്. കഫവും രക്തവും പരിശോധിക്കേണ്ടിവരും.

രോഗം തുടക്കത്തിലേ നിയന്ത്രിക്കുക രോഗം പുനരാരംഭിക്കുന്ന സാഹചര്യം ഒഴിവാക്കുക, ഗുരുതരമായാല്‍ എന്തുചെയ്യണമെന്നറിഞ്ഞിരിക്കുക എന്നിവയിലൊക്കെ കുടുംബാംഗങ്ങളുടെ സഹകരണം വേണ്ടിവരും. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍. ശ്വാസനവ്യയാമങ്ങള്‍, പ്രാണായാമം, യോഗ മുതലായവ ഒരു പരിധിവരെ രക്ഷനേടാന്‍ സഹായിക്കും.

അസ്വസ്ഥതയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. മുട്ട, പാല്‍, പഞ്ചസാര, കല്‍ക്കണ്ടം എന്നിവയും ഇവയടങ്ങിയതുമായ ഭക്ഷണങ്ങളും ഒഴിവാക്കുക. തേന്‍, ശര്‍ക്കര എന്നിവ ഉപയോഗിക്കാം.

അതിനാല്‍ ആസ്മ ബാധിച്ചുവെന്നു കണ്ടാല്‍ അത്രമാത്രം ഭയപ്പെടേണ്ട കാര്യമില്ല. കൃത്യമായ മരുന്നുകള്‍ ഉപയോഗിച്ചും ജീവിതചര്യയില്‍ മാറ്റം വരുത്തിയും ഈ രോഗത്തെ നിയന്ത്രിക്കാനും ഇല്ലാതാക്കാനും കഴിയുമെന്ന് ഉറപ്പ്.
മരുന്നുകള്‍ക്കപ്പുറം ചില കാര്യങ്ങള്‍ ആസ്ത്മ ഉള്ളവര്‍ക്ക് ആശ്വാസമാകാറുണ്ട്. ചില പ്രവര്‍ത്തികളും ശീലങ്ങളും ആസ്ത്മയെ അകറ്റിനിര്‍ത്തും. അത് എതൊക്കെയെന്ന് നോക്കാം.
*ഉറക്കം : ഏത് സാഹചര്യത്തിലും അവശ്യം വേണ്ടത്

ഉറക്കമില്ലാതെ നല്ലൊരു മരുന്നില്ല, പ്രത്യേകിച്ചും ആസ്ത്മയ്ക്ക്. നേത്തെ കിടന്ന് രാവിലെയുള്ള എഴുന്നേല്‍ക്കല്‍ പതിവാക്കുക. ഏത് സാഹചര്യത്തിലും എട്ടുമണിക്കൂറോ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലുമോ തീര്‍ച്ചായും ഉറങ്ങുക. ശരിയായി ഉറക്കം ലഭിക്കാത്ത ആസ്ത്മ രോഗികളില്‍ 94% കൂടുതലാണ് അസുഖം ഇടയ്ക്കിടെ വരാനുള്ള സാധ്യത എന്ന് ഈയിടെ പുറത്തുവന്ന ഒരു സര്‍വേ സൂചിപ്പിക്കുന്നു.
* വ്യായാമം വളരെ നല്ലത്

ആസ്ത്മയുടെ സ്വഭാവമനുസരിച്ച് ഡോക്ടറുടെ അഭിപ്രായപ്രകാരം വിവിധ തരത്തിലുള്ള വ്യായാമം ശീലിക്കാന്‍ ശ്രമിക്കണം. കൃത്യമായ വ്യായാമം ശരീരത്തിന് ഗുണം ചെയ്യുന്നത് പല രീതിയിലാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ജീവിത ശൈലീ രോഗങ്ങള്‍ അകറ്റി നിര്‍ത്താനും വ്യായാമത്തിന് കഴിയും. ജോഗിങ്ങ് പോലുള്ള ലഘു വ്യായാമങ്ങള്‍ മതിയാവും.
* യോഗ ഗുണം ചെയ്യും
വ്യായാമം പോലെ തന്നെ യോഗയും ആസ്ത്മയ്ക്ക് ആശ്വാസമേകും. കാനഡയില്‍ നടന്ന ഒരു പഠനമാണ് യോഗ ആസ്ത്മയ്ക്ക് ഗുണം ചെയ്യും എന്ന് തെളിയിച്ചത്. 1,048 പേരെ 25 ക്ലിനിക്കല്‍ ട്രയല്‍സിന് വിധേയമാക്കിയാണ് ഇക്കാര്യം പരിശോധിച്ചത്. ആസ്ത്മ മൂലം രൂക്ഷമായതും ചെറിയ തോതിലുമുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. യോഗ പതിവാക്കിയതിനുശേഷം എല്ലാവരുടേയും ശ്വസന വ്യവസ്ഥ കൂടുതല്‍ ശേഷിയുള്ളതാകുന്നതായി തെളിഞ്ഞു.
*ഓമനിക്കാന്‍ ഒരു മൃഗം
ഫാമിംഗ് ഇഫെക്ട് എന്നത് ആസ്ത്മയിലെ ഒരു പഠന വിഷയം തന്നെയാണ്. പ്രകൃതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന ചില കാര്യങ്ങളും കൃഷിയിലും മറ്റും ഉള്ളതുമായ ചിലതും ആസ്ത്മ ഉണ്ടാകാനും നിലവിലുള്ള ആസ്ത്മ വര്‍ദ്ധിക്കാനും കാരണമാകുന്നു. അലര്‍ജ്ജിമൂലമാണ് ഇങ്ങനെയുണ്ടാകുന്നത്. എന്നാല്‍ പ്രകൃതിയോടിണങ്ങി ചെറുപ്പം മുതലേ ജീവിച്ചാല്‍ ഒരു പരിധിവരെ ഇതിന് തടയിടാം. എന്നാല്‍ ഇക്കാലത്ത് അത് പൂര്‍ണമായും സാധ്യമാണെന്ന് പറയാനാവില്ല. എന്നാല്‍ വീട്ടില്‍ വളര്‍ത്തുന്ന ഒരു മൃഗത്തെക്കൊണ്ട് ഈ പ്രശ്നം പരിഹരിക്കാം. ഓമനമൃഗങ്ങളുമായി ഇടപഴകി വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളില്‍ ആസ്ത്മ സാധ്യത കുറവാണ്. 15% കുറവ് സാധ്യതയേ മറ്റുള്ളവരുമായി തട്ടിച്ചുനോക്കിയാല്‍ ഇവര്‍ക്ക് ആസ്ത്മ വരാനുള്ളൂ.

*സ്ത്രീകള്‍ ചിലത് ചെയ്യണം

സ്ത്രീകളോട് പ്രത്യേകിച്ച് ചിലത് പറയാനുള്ളത് ഗര്‍ഭകാലത്തേക്കുറിച്ചാണ്. വളരെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യം ഗര്‍ഭ കാലത്ത് ശ്രദ്ധിച്ചാല്‍ കുഞ്ഞിന് ആസ്ത്മ സാധ്യത 25% കുറയ്ക്കാം! എന്നും പ്രഭാതത്തിലുളള സൂര്യപ്രകാശം കൊള്ളുക എന്നതാണത്. വിറ്റാമിന്‍ ഡി വേണ്ടത്ര അളവില്‍ നിലനിര്‍ത്തുക എന്നതാണ് ഇതുകൊണ്ട് സംഭവിക്കുന്നത്. ഇതിലൂടെ കുഞ്ഞുങ്ങളെ ആസ്ത്മയില്‍നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാം.

പിന്നീട് ചെയ്യാനുള്ളത് കുഞ്ഞ് ഉണ്ടായിക്കഴിഞ്ഞാണ്. കുഞ്ഞിനെ മുലയൂട്ടുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. നിര്‍ബന്ധമായും ഒരു വര്‍ഷമെങ്കിലും കുഞ്ഞിനെ മുലയൂട്ടുക.
ഇത്തരം കാര്യങ്ങള്‍ ദിനചര്യയുടെ ഭാഗമായി ഉള്‍പ്പെടുത്തിയാല്‍ ആസ്ത്മയെ ഒരു പരിധി വരെ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button