കൊച്ചി: പത്താം ക്ലാസ് ഫലം വരുന്നതിനു മുൻപേ തന്നെ എയിഡഡ് സ്കൂളുകളില്‍ മാനേജ്മെന്റ് ക്വട്ടയിലെ സീറ്റ് വില്പന ആരംഭിച്ചു. വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാനായി രക്ഷിതാക്കളുടെ ആശങ്ക മുതലെടുത്താണ് സ്വകാര്യസ്കൂളുകള്‍ വന്‍ തുക സംഭാവനയെന്ന പേരില്‍ വാങ്ങി അഡ്മിഷന് ഉറപ്പാക്കുന്നത്. എസ്.എസ്.എൽ.സി ഫലം മേയ് അഞ്ചിനാണ് വരുന്നത്. ഇതിനു മുൻപ്തന്നെ സ്വകാര്യ സ്കൂളുകളിലെ മാനേജ്മെന്റ് ക്വട്ട സീറ്റുകള്‍ പലര്‍ക്കായി ഉറപ്പുവരുത്തിയതായാണ് വിവരം.
പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലക സംവിധാനം നിലവില്‍വന്നതോടെ ഉയര്‍ന്ന ഗ്രേഡില്‍ ജയിച്ചവര്‍ക്കു
മാത്രമേ പ്രവേശനം ഉറപ്പാകൂവെന്ന അവസ്ഥയാണുള്ളത്. മാത്രമല്ല, ആഗ്രഹിക്കുന്നിടത്ത് ലഭിക്കണമെന്നുമില്ല. ഇൗ സാഹചര്യത്തിലാണ് മാനേജ്മെന്റ് സീറ്റുകള്‍ മുന്‍കൂട്ടി ഉറപ്പിക്കാന്‍ തിരക്ക് കൂടിയത്. ഉയര്‍ന്ന മാര്‍ക്ക്
ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ഇപ്രകാരം സീറ്റുറപ്പാക്കാന്‍ പണം നല്കുന്നു.
ഇതിലൂടെ താമസസ്ഥലത്തിന് തൊട്ടടുത്ത സ്കൂളുകളില്‍ പഠനം ഉറപ്പാക്കലാണ് ലക്ഷ്യമിടുന്നത്. സീറ്റ്
ഉറപ്പിക്കാന്‍ വന്‍ തുക ആവശ്യപ്പെടുന്നതിന് പുറമെ ചില സ്കൂളുകള്‍ വിദ്യാര്‍ഥിയുടെ പഠനനിലവാരവും
പരിശോധിക്കുന്നുണ്ട്. പത്താം ക്ലാസിലെ കഴിഞ്ഞ പരീക്ഷകളുടെ മാര്‍ക്കും അതിനുമുമ്പത്തെ ക്ലാസുകളിലെ പഠന നിലവാരവും പരിശോധിച്ചശേഷം മാത്രമേ പണം വാങ്ങി സീറ്റ് ഉറപ്പുനല്‍കുന്നുള്ളൂ.
എന്നാല്‍, മറ്റുചില സ്കൂളുകളാകട്ടെ അധികം തുക സംഭാവനയായി നല്കാന് തയാറുള്ളവര്‍ക്ക് മൂന്‍കൂറായി
സീറ്റ് ഉറപ്പുകൊടുക്കുകയാണ് ചെയ്യുന്നത്. അതേസമയം, വാങ്ങിയ പണത്തിന് രസീതോ മറ്റെന്തെങ്കിലും രേഖകളോ സ്കൂള്‍ അധികൃതര്‍ നല്‍കുന്നില്ല. മെറിറ്റ്, കമ്യൂണിറ്റി സീറ്റുകളിലേക്കാണ് ഏകജാലകം വഴി പ്രവേശനം നടത്തുന്നത്. ഏകജാലക പ്രവേശന പ്രക്രിയയില്‍ മാനേജ്മെന്റിനോ രക്ഷിതാക്കള്‍ക്കോ ഇടപെടാന്‍ കഴിയില്ല.
Post Your Comments