കൊച്ചി: ടിപി സെന്‍കുമാറിന്റെ കേസില്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ കോടതിയില്‍ നാടകീയമായി പിന്മാറിയത് എന്തുകൊണ്ടാണ്? സുപ്രീംകോടതിയില്‍ നടന്നത് എന്ത്? സംഭവത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ബാലഗോപാല്‍ ഫേസ്ബുക്കില്‍ എഴുതുന്നു.
രാവിലെ സെന്‍കുമാറിന്റെ അഭിഭാഷകര്‍ ആയ ദുഷ്യന്ത് ദാവെയും, ഹാരിസ് ബീരാനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. സെന്‍കുമാറിന്റെ പുനഃനിയമനം നടത്താത്തത് പോലെ ഗുരുതരമായ കോടതി അലക്ഷ്യം ആണ് ഡി ജി പി ലോക്നാഥ് ബെഹ്‌റ കഴിഞ്ഞ ഒരു ആഴ്ചയായി എടുക്കുന്ന തീരുമാനങ്ങള്‍ എന്ന വിലയിരുത്തലും സെന്‍കുമാറിന്റെ അഭിഭാഷകര്‍ക്ക് ഉണ്ട്.
കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് കര്‍ണ്ണന് എതിരായ കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചില്‍ ജസ്റ്റിസ് മദന്‍ ബി ലൊക്കൂര്‍ അംഗമാണ്. അതുകൊണ്ട് തന്നെ ജസ്റ്റിസ് മദന്‍ ബി ലൊക്കൂറിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ഇന്ന് വൈകി ആണ് ഇരുന്നത്.
11. 10 വരെ ചീഫ് ജസ്റ്റിസ് കോടതിയിലെ നടപടികള്‍ നീണ്ടു. ചീഫ് ജസ്റ്റിസ് കോടതിയിലെ നടപടികള്‍ പൂര്‍ത്തി ആയതിന് തൊട്ടു പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിങ് കൗണ്‍സില്‍ ജി പ്രകാശ് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവര്‍ ഇരിക്കുന്ന കോടതിയില്‍ എത്തി. രണ്ടു മിനുട്ടുകള്‍ക് ഉള്ളില്‍ സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും എത്തി. 11. 18 നാണ് ജസ്റ്റിസ് മാരായ മദന്‍ ബി ലോകൂറും ദീപക് ഗുപ്തയും കോടതിയില്‍ എത്തിയത്. ഏതാണ്ട് ഇതേ സമയം തന്നെ സെന്‍കുമാറിന്റെ അഭിഭാഷകര്‍ ആയ ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനും മുഷ്താക്കും കോടതിയില്‍ എത്തി.
ഇടതുഭാഗത്തെ നാലാമത്തെ നിരയില്‍ ദാവെ ഇരുന്നു. മറ്റു ചില കേസ്സുകള്‍ വേഗത്തില്‍ കേള്‍ക്കണം എന്ന് പരാമര്‍ശിക്കാനായി ചില അഭിഭാഷകര്‍ വരി വരി ആയി നില്‍ക്കുക ആയിരുന്നു. മധ്യവേനല്‍ അവധി വരുന്നതിനാല്‍ കേസ്സുകള്‍ ലിസ്റ്റ് ചെയ്തു കിട്ടാനും നീട്ടി കിട്ടാനും അഭിഭാഷകര്‍ വ്യാപകമായി ശ്രമിക്കുന്ന സമയം കൂടി ആണിത്.
നിരയില്‍ ആദ്യം നിന്ന അഭിഭാഷകന്റെ ആവശ്യം ഒരു കേസില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ അനുവദിക്കണം എന്നതായിരുന്നു. കോടതി ഇത് അംഗീകരിച്ചു. രണ്ടാമത്തെ അഭിഭാഷകന്റെ ആവശ്യം ലിസ്റ്റ് ചെയ്ത കേസ് നീട്ടി വയ്ക്കണം എന്നായിരുന്നു. ഈ ആവശ്യം കോടതി നിരാകരിച്ചു. ഇതിനിടയില്‍ ദുഷ്യന്ത് ദാവെ ഇരുപടത്തില്‍ നിന്ന് എണീറ്റ് കോടതിക്ക് മുന്നിലേക്ക് നീങ്ങി. തൊട്ട് പിന്നില്‍ ഹാരിസ് ബീരാനും. മുഷ്താക്ക് എനിക്ക് ഒപ്പം വിസ്റ്റേഴ്‌സ് ഗാലറിക്ക് സമീപത്തും നില ഉറപ്പിച്ചു.
ദുഷ്യന്ത് ദവെയ്ക്ക് തൊട്ട് മുന്നില്‍ നിന്ന അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അടുത്തത് ദുഷ്യന്ത് ദാവേയുടെ ഊഴം. സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകര്‍ ആയ ജയ്ദീപ് ഗുപ്തയും, ജി പ്രകാശും ദുഷ്യന്ത് ദാവേയുടെ വലത് ഭാഗത്ത് നിലയുറപ്പിച്ചു.പെട്ടെന്ന് ആയിരുന്നു ആ പിന്മാറ്റം. ജയ്ദീപ് ഗുപ്തക്കും, ജി പ്രകാശിനും മാത്രം അല്ല, ആ കോടതിയില്‍ ഈ കേസില്‍ പലതും നടക്കും എന്ന് പ്രതീക്ഷിച്ചു നിന്ന എന്നെ പോലുള്ളവര്‍ക്ക് പോലും ഒന്നും മനസിലായില്ല.
കോടതിക്ക് പുറത്ത് വച്ച് ദാവേയെ വീണ്ടും കണ്ടു. അദ്ദേഹം ഒന്നും പറഞ്ഞില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒരു ചിരി മാത്രം സമ്മാനിച്ച് അദ്ദേഹം നടന്ന് നീങ്ങി. ഹാരിസിനെ കണ്ടു. ദാവേയോട് ചോദിക്കാന്‍ ആയിരുന്നു മറുപടി. ദുഷ്യന്ത് ദാവെയും, ഹാരിസ് ബീരാനും ആയതുകൊണ്ട് ഈ നാടകീയം ആയ പിന്മാറ്റം വെറുതെ എന്ന് കരുതാന്‍ വയ്യെന്നും ബി ബാലഗോപാല്‍ കുറിക്കുന്നു.
Post Your Comments