Latest NewsIndia

ദിനകരന്റെ സഹായിയും അറസ്റ്റില്‍ : ഇലക്ഷന്‍ കമ്മിഷന് കോഴ വാഗ്ദാനം ചെയ്ത കേസില്‍ അന്വേഷണം കൊച്ചിയിലേക്കും

ചെന്നൈ : തിരഞ്ഞെടുപ്പ് കമ്മിഷന് രണ്ടില ചിഹ്നം നേടാന്‍ കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ എഐഎഡിഎംകെ നേതാവ് ടി.ടി.വി ദിനകരന്റെ സഹായിയെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. ഹവാല ഇടപാടുകാരനായ നരേഷ് ആണ് പിടിയിലായത്. അനധികൃത പണമിടപാടില്‍ ദിനകരന് സഹായം നല്‍കിയ ചെന്നൈയിലെ മൂന്നുപേര്‍ക്ക് നേരില്‍ ഹാജരാകാന്‍ വെള്ളിയാഴ്ച സമന്‍സ് നല്‍കി. തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും വ്യാപിപ്പിക്കുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ ദിനകരന്റെ 50 കോടി രൂപ ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖറിന് ഹവാല മാര്‍ഗ്ഗം എത്തിച്ചതിനാണ് നരേഷിനെ അറസ്റ്റ് ചെയ്തത്. തായ്‌ലന്‍ഡില്‍ നിന്നുമെത്തിയ ദിനകരനെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. സുകേഷ് ചന്ദ്രശേഖറിന്റെ അടുത്ത സുഹൃത്തായ നരേഷ് ഇതിന് മുന്‍പും ഇത്തരം ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി പോലീസ് അറിയിച്ചു.

കൊച്ചിയില്‍ നിന്നാണ് ഹവാലമാര്‍ഗ്ഗം പണം എത്തിച്ചതെന്ന് വ്യക്തമായതിനാലാണ് ദിനകരനെയും കൂട്ടി പോലീസ് കൊച്ചിയിലേക്ക് പുറപ്പടാന്‍ തീരുമാനിച്ചത്. ദിനകരനെയും കൂട്ടാളി മല്ലികാര്‍ജ്ജുനയെയും വെള്ളിയാഴ്ചയും ചെന്നൈയില്‍ ചോദ്യം ചെയ്തു. ദിനകരനെ അനധികൃതപണമിടപാടില്‍ സഹായിച്ച ചെന്നെ ആദംപാക്കത്തുള്ള പൊതുമരാമത്ത് മുന്‍ ഉദ്യോഗസ്ഥനും മണ്ണാര്‍ഗുഡി സ്വദേശിയും സ്വകാര്യ ടെലികോം ജീവനക്കാരനുമായി ഫിലിപ്‌സ് ഡാനിയേല്‍, തിരുവേര്‍ക്കാടിനടുത്ത് താമസിക്കുന്ന അഭിഭാഷകന്‍ ഗോപിനാഥ് എന്നിവര്‍ക്ക് സമന്‍സും അയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button