ന്യൂഡല്‍ഹി : ഛത്തിസ്ഗഡില്‍ സിഐര്‍പിഎഫ് ജവാന്മാര്‍ക്ക് എതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോവാദികള്‍. ബസ്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാവോവാദി സംഘടനയാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്. വെള്ളിയാഴ്ച പുറത്തുവിട്ട ശബ്ദ സന്ദേശത്തിലൂടെയാണ് മാവോവാദികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നക്‌സല്‍ വേട്ടയ്ക്ക് എതിരായ മുന്നറിയിപ്പ് കൂടിയാണ് സിഐര്‍പിഎഫ് ജവാന്മാര്‍ക്കെതിരായ ആക്രമണമെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.
2016ല്‍ ഛത്തീസ്ഗഡില്‍ ഒന്‍പത് പ്രവര്‍ത്തകരെയും ഒഡീഷയില്‍ 21 പ്രവര്‍ത്തകരെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന് മാവോവാദികള്‍ ആരോപിച്ചു. ഈ കൊലപാതകങ്ങള്‍ക്കും സൈന്യം നടത്തുന്ന ലൈംഗിക ആക്രമണങ്ങള്‍ക്കും എതിരായ പകരം വീട്ടല്‍ കൂടിയാണിതെന്നും ഓഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഗോത്ര വര്‍ഗക്കാരായ സ്ത്രീകളെ മാനഭംഗപ്പെടുത്തിയ ശേഷം വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് ചിത്രീകരിക്കുകയാണെന്നും സന്ദേശത്തില്‍ ആരോപിക്കുന്നു. തങ്ങളുടെ വിപ്ലവ മേഖലയിലേക്ക് കടന്നു വരരുതെന്നും അവര്‍ സുരക്ഷാ സേനയ്ക്ക് മുന്നറിയിപ്പ് നല്‍കി. പോരാട്ടം സൈനികര്‍ക്കെതിരെ അല്ല. പക്ഷേ വിപ്ലവ വഴിയില്‍ തടസമായി നിന്നാല്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പും 16 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശത്തില്‍ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇതിനകം വൈറലായ സന്ദേശത്തിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments