ദമ്മാം•കരാർലംഘനം നടത്തിയ സ്പോൺസർക്കെതിരെ ലേബർ കോടതിയിൽ കേസ് കൊടുത്ത്, നവയുഗത്തിന്റെ സഹായത്തോടെ നിയമയുദ്ധം നടത്തി വിജയിച്ച മലയാളി ഡ്രൈവർ നാട്ടിലേയ്ക്ക് മടങ്ങി.
കാസർകോഡ് ബദ്ദിയടുക്ക സ്വദേശിയായ സന്തോഷ് നെക്രാജെ 2014 നവംബർ മാസത്തിലാണ്, ദമ്മാം സഫയിലുള്ള ഒരു സൗദി പൗരന്റെ വീട്ടിൽ ഹൌസ് ഡ്രൈവർ ജോലിയ്ക്ക് എത്തിയത്. നാട്ടിലെ ഏജന്റിന് എൺപതിനായിരം രൂപ നൽകിയാണ് വിസ കിട്ടിയത്. പറഞ്ഞ ശമ്പളം കിട്ടിയില്ല എന്ന് മാത്രമല്ല, വിസയ്ക്ക് തനിയ്ക്ക് ചിലവായ കാശ് എന്ന പേരിൽ മാസം 200 റിയാലും കുറച്ചാണ് സ്പോൺസർ ശമ്പളം നൽകിയത്.
പ്രതീക്ഷകൾക്ക് വിപരീതമായി വളരെ ദുരിതമയമായ ജോലിസാഹചര്യങ്ങളാണ് സന്തോഷിന് നേരിടേണ്ടി വന്നത്. ഡ്രൈവിങ് ജോലികൾക്ക് പുറമേ, ആ വീട്ടിലെ പുറംപണികളും, സ്‌പോൺസറുടെ ഓഫീസിലെ പ്യൂൺ പണികളും സന്തോഷിന് ചെയ്യേണ്ടി വന്നു. ദിവസവും ദമ്മാം, ജുബൈൽ, ഖത്തീഫ് എന്നിങ്ങനെ പരസ്പരം നല്ല ദൂരമുള്ള സ്ഥലങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും ഡ്രൈവ് ചെയ്യേണ്ടി വന്നതിനാൽ, പാതിരാത്രിയായാലും ജോലി തീരാതെ, മതിയായ വിശ്രമമോ, സമയത്തു ഭക്ഷണമോ കഴിക്കാനാകാതെ, സന്തോഷിന്റെ ആരോഗ്യം ക്ഷയിയ്ക്കാൻ തുടങ്ങി. ശമ്പളം വല്ലപ്പോഴുമേ കിട്ടിയിരുന്നുള്ളൂ. അതിനു പുറമേ, സ്പോൺസറുടെയും വീട്ടുകാരുടെയും ശകാരവും, ശമ്പളം കൃത്യമായി കിട്ടാത്തതും, മാനസിക പീഡനങ്ങളും അയാളുടെ അവസ്ഥ പരിതാപകരമാക്കി.
ആ സമയത്താണ് സഫ ഭാഗത്തെ ചില നവയുഗം പ്രവർത്തകരെ സന്തോഷ് പരിചയപ്പെടുന്നതും, നവയുഗം സഫ യൂണിറ്റിൽ അംഗമാകുന്നതും. ആ യൂണിറ്റ് വഴി നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തെ പരിചയപ്പെട്ട സന്തോഷ്, തന്റെ അവസ്ഥ വിവരിച്ചു പറഞ്ഞു, നിയമസഹായം അഭ്യർത്ഥിച്ചു. തനിയ്ക്ക് നാലുമാസത്തെ ശമ്പളം കിട്ടാനുണ്ടെന്നും, രണ്ടു വർഷം പൂർത്തിയായിട്ടും സ്പോൺസർ വെക്കേഷനോ,എക്‌സിറ്റോ പോകാൻ അനുവദിയ്ക്കുന്നില്ല എന്നുമൊക്കെയുള്ള സന്തോഷിന്റെ പരാതികൾ കേട്ടിട്ട്, ഷാജി മതിലകം സന്തോഷിന്റെ സ്‌പോൺസറെ നേരിട്ട് ഫോണിൽ വിളിച്ചു സംസാരിച്ചു പ്രശ്‍നങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. എന്നാൽ യാതൊരു അനുഭാവപൂർവ്വമായ സമീപനവും സ്‌പോൺസറുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. തുടർന്ന് ഷാജി മതിലകത്തിന്റെ സഹായത്തോടെ സന്തോഷ് സ്പോണ്സർക്കെതിരെ ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്തു.
രണ്ടാമത്തെ സിറ്റിങ്ങിൽ സ്പോൺസർ കോടതിയിൽ ഹാജറായി. കോടതിയിൽ തെളിവുകൾ നിരത്തി ഷാജി മതിലകം നടത്തിയ വാദഗതികൾക്ക് മുന്നിൽ സ്പോൺസർക്ക് പിടിച്ചു നിൽക്കാനായില്ല. സത്യം ബോധ്യമായ കോടതി, സന്തോഷിന് ഫൈനൽ എക്സിറ്റും, കുടിശ്ശിക ശമ്പളവും നൽകാൻ സ്പോൺസറോട് ഉത്തരവിട്ടു.
വിമാനടിക്കറ്റ് സ്വയം എടുത്ത സന്തോഷ്, നിയമനടപടികൾ പൂർത്തിയാക്കി, നവയുഗത്തിന് നന്ദി പറഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments