ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വീട്ടുവാടക ബത്ത വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ. 24 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദ്ദേശം. കേന്ദ്ര ജീവനക്കാര്‍ക്ക് ആശ്വാസകരമായ തീരുമാനമായിരിക്കും ഇത്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അശോക് ലവാസ കമ്മിറ്റിയാണ് ശുപാര്‍ശകള്‍ നല്‍കിയത്.
ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അനുസരിച്ച് അലവന്‍സുകള്‍ പുനര്‍നിര്‍ണയിക്കുന്നതിനും ഏതൊക്കെ അലവന്‍സുകള്‍ റദ്ദാക്കണമെന്നതിനെ സംബന്ധിച്ചും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച കമ്മിറ്റിയാണിത്. ലവാസ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ ആറാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള x, y, z വിഭാഗങ്ങളിലുള്ള നഗരങ്ങളില്‍ യഥാക്രമം അടിസ്ഥാന ശമ്പളത്തിന്റെ 30, 20,10 ശതമാനമായി വീട്ടുവാടക ബത്ത അതേപടി നിലനിര്‍ത്തിയാണ് ശമ്പള വര്‍ധന നടപ്പിലാക്കിയത്.
2016ല്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ക്ഷാമബത്ത, വീട്ടുവാടക ബത്ത എന്നിവ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിറ്റിയെ നിയോഗിച്ചത്. ക്ഷാമബത്തയും വീട്ടുവാടക ബത്തയും നടപ്പിലാക്കിയാല്‍ പൊതുഖജനാവിന് ഏകദേശം 29,300 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്നാണ് കണക്ക്.
ലവാസ റിപ്പോര്‍ട്ട് വിവിധമന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ അടങ്ങുന്ന സമിതി പരിശോധിച്ച ശേഷം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. 47 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്കും 53 ലക്ഷം പെന്‍ഷന്‍കാര്‍ക്കും അലവന്‍സുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ പ്രയോജനം ലഭിക്കും. ആറാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നിശ്ചയിച്ച അതേ മാനദണ്ഡം അനുസരിച്ച് അടിസ്ഥാന ശമ്പളത്തിന്റെ 10, 20, 30 ശതമാനമായി വീട്ടുവാടക ബത്ത നിജപ്പെടുത്തിയാല്‍ പഴയ ശമ്പള സ്‌കെയിലിനെ അപേക്ഷിച്ച് 157 മുതല്‍ 178 ശതമാനം വരെ വീട്ടുവാടക ബത്ത വര്‍ധിക്കും.
ആറാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് x നിലവാരമുള്ള നഗരത്തില്‍പെടുന്ന ഏറ്റവും കുറഞ്ഞ ശമ്പളം ലഭിച്ചിരുന്ന ജീവനക്കാരന് അടിസ്ഥാന ശമ്പളം 7000 രൂപയായിരുന്നു. 2100 രൂപ വീട്ടുവാടകയും കിട്ടിയിരുന്നു. ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കുറഞ്ഞ ശമ്പള സ്‌കെയില്‍ 18,000 ആയി ഉയര്‍ന്നു. പുതിയ സ്‌കെയില്‍ പ്രകാരം വീട്ടുവാടക 5400 രൂപ കിട്ടും.
Post Your Comments