ബഹിരാകാശത്തും പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുന്നു. എങ്ങനെയെന്നല്ലേ ? അരിസോണ യൂണിവേഴ്‌സിറ്റിയും നാസയും ചേര്‍ന്ന് രൂപകല്‍പന ചെയ്ത ബഹിരാകാശ ഗ്രീന്‍ ഹൗസിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഏറെക്കാലം ബഹിരാകാശത്തും ചന്ദ്രനിലും ചൊവ്വയിലും ജീവിക്കേണ്ടി വരുന്ന ബഹിരാകാശ യാത്രികര്‍ക്ക് ഗ്രീന്‍ഹൗസിലെ സസ്യങ്ങളെയും പഴങ്ങളെയും ആഹാരമാക്കി നിലവില്‍ പിന്തുടരുന്നതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതം സാധ്യമാക്കാമെന്നാണ് നാസ പറയുന്നത്.
ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്ത് ചിലവഴിച്ച അമേരിക്കന്‍ ബഹിരാകാശ യാത്രികനായ ജെഫ് വില്യംസിന്റെ റെക്കോര്‍ഡ് പെഗ്ഗി വിറ്റ്‌സണ്‍ എന്ന ബഹിരാകാശ യാത്രിക ഈ അടുത്ത ദിവസമാണ് ഭേദിച്ചത്. 534 ദിവസം ബഹിരരാകാശത്ത് ചിലവഴിച്ച പെഗ്ഗിയെപ്പോലുള്ളവരുടെ ബഹിരാകാശത്തെ മെച്ചപ്പെട്ട ജീവിതത്തിന് ഈ കണ്ടുപിടുത്തം സഹായമാകും എന്നാണ് ശാസ്ത്രലോകം കരുതുന്നത്.
അരിസോണ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ഈ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നാണ് നാസ പറയുന്നത്. അരിസോണ യൂണിവേഴ്‌സിറ്റി അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ ഗ്രീന്‍ ഹൗസ് വികസിപ്പിച്ചെടുത്തത്. ഭൂമിയില്‍ ചെടികള്‍ വളരുന്ന രീതിയെ അനുകരിച്ചാണ് ബഹിരാകാശത്തെ ഗ്രീന്‍ഹൗസില്‍ ചെടികള്‍ വളര്‍ത്തുന്നത്. ചെടികള്‍ വളര്‍ത്തി ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികളും മറ്റും ഉത്പാദിപ്പിക്കുക അതുവഴി ഭൂമിയില്‍ നിന്നുള്ള സഹായമില്ലാതെ ജീവന്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഗവേഷണത്തില്‍ ഏറെ നിര്‍ണായകമാകും ഇപ്പോള്‍ നിര്‍മ്മിച്ചെടുത്തിരിക്കുന്ന ഈ ഗ്രീന്‍ഹൗസ് പദ്ധതി.
ബഹിരാകാശയാത്രികര്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഗ്രീന്‍ഹൗസില്‍ ഉപയോഗപ്പെടുത്തിയാണ് ചെടികള്‍ വളര്‍ത്താനുദ്ദേശിക്കുന്നത്. പ്രകാശ സംശ്ലേഷണത്തിലൂടെ ചെടികള്‍ക്ക് വളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ ലഭിക്കും. ചെടികള്‍ക്ക് തളിക്കാനുള്ള ജലം ഭൂമിയില്‍ നിന്ന് കൊണ്ടു പോകേണ്ടി വരും. അല്ലെങ്കില്‍ ചന്ദ്രനില്‍ നിന്നോ പേടകം ഇറങ്ങുന്ന സ്ഥലത്തു നിന്നോ ശേഖരിക്കേണ്ടിവരും(അവിടെ ജലസാധ്യതയുണ്ടെങ്കില്‍). ചെടികള്‍ ഓക്‌സിജന്‍ പുറത്തുവിടും. പോഷകഗുണമുള്ള ലവണങ്ങള്‍ ചേര്‍ത്ത് ചെടികളുടെ വേരുകളിലേക്ക് ഓക്‌സീകരിച്ച ജലം ധാര ധാരയായി കടത്തിവിടും. ഈ ജലം പിന്നീട് സംഭരണിയില്‍ എത്തിച്ചേരുകയും ചെയ്യും.
ഇങ്ങനെ ചെയ്യുന്നതിലൂടെ ചാന്ദ്ര പര്യവേക്ഷണത്തിന്റെ കാലാവധി ദീര്‍ഘിപ്പിക്കാനാവും. പാഴായിപ്പോകുന്ന എന്തും പുനഃചംക്രമണത്തിലൂടെ ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് ഗ്രീന്‍ ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 18 അടി നീളവും എട്ടടി വീതിയിലുമുള്ളതാണ് ഗ്രീന്‍ ഹൗസ്.
നിലവില്‍ സാന്‍വിച്ചിലും ബര്‍ഗറിലും മറ്റും ഉപയോഗിക്കുന്ന പച്ചയ്ക്ക് തിന്നാന്‍ കഴിയുന്ന ലെറ്റൂസ് ഇലകളാണ് ഗ്രീന്‍ ഹൗസില്‍ വികസിപ്പിച്ചെടുത്തത്.
Post Your Comments