
ചെന്നൈ : വൈഗ ഡാമിലെ ബാഷ്പീകരണം തടയാന്‍ ജലോപരിതലത്തില്‍ തെര്‍മോകോള്‍ നിരത്തിയ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനം വന്നതോടെ ആ ആശയത്തിനുടമ താനല്ല എന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി സെല്ലൂര്‍ രാജ. വൈഗാഡാമിലെ 10 ചതുരശ്ര കിലോ മീറ്ററിലാണ് 10 ലക്ഷം രൂപ ചിലവില്‍ തെര്‍മോക്കോള്‍ പരത്തി ബാഷ്പീകരണം തടയാന്‍ ലക്ഷ്യമിട്ടത്. തെര്‍മോക്കോള്‍ പരസ്പരം സെല്ലോടാപ്പ് കൊണ്ട് ഒട്ടിച്ച് ജലോപരിതലത്തില്‍ പരത്തിയിടാനായിരുന്നു ഉദ്ദേശിച്ചത്. അതു പോലെ ചെയ്‌തെങ്കിലും നിമിഷനേരം കൊണ്ട് കാറ്റില്‍ തെര്‍മ്മോക്കോളുകള്‍ ഇളകിയടരുകയും നിരത്തിയ ടണ്‍ കണക്കിന് തെര്‍മോകോളുകള്‍ ഉപയോഗ്യമാവാതെ തകര്‍ന്ന് തീരത്തടിയുകയുമായിരുന്നു. രണ്ട് സെന്റിമീറ്ററില്‍ കൂടുതല്‍ കനമില്ലാത്തതിനാലാണ് എളുപ്പം പൊട്ടിപ്പോയത്.
രൂക്ഷമായ വരള്‍ച്ച നേരിടുന്ന സമയമായതിനാല്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു വരുത്തിയാണ് തെര്‍മോകോള്‍ നിരത്തുന്ന പദ്ധതി തമിഴ്‌നാട് മന്ത്രി സെല്ലൂര്‍ രാജ കഴിഞ്ഞയാഴ്ച്ച ഉദ്ഘാടനം ചെയ്തത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കാറ്റടിച്ച് തെര്‍മോകോളുകള്‍ തകര്‍ന്ന് തീരത്തടിയുകയായിരുന്നു.
തമിഴ്‌നാട് സഹകരണ മന്ത്രി സെല്ലൂര്‍ രാജിന്റെ തലയിലുദിച്ച ബുദ്ധിയാണ് 10 ലക്ഷം രൂപയുടെ ഭീമാകാരമായ നഷ്ടം ഉണ്ടാക്കി സര്‍ക്കാരിന് ചീത്തപ്പേര് ഉണ്ടാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ ഐഡിയ തന്റേതല്ലെന്നും ഉദ്യോഗസ്ഥരുമായി ആലോചിച്ച് നടത്തിയ കൂട്ടായ തീരുമാനമാണെന്നുമാണ് സെല്ലൂര്‍ രാജ പറയുന്നത്.’ഒരു മന്ത്രിക്കും ഇത്തരത്തില്‍ ഏകപക്ഷീയമായ തീരുമാനമെടുക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ സംവിധാനത്തില്‍ സ്വമേധയാ അത്തരം ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരമില്ലെന്നും’ മന്ത്രി വിശദീകരിക്കുന്നു.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മഴവെള്ളക്കൊയ്ത്ത് പദ്ധതിയും ഇത്തരത്തില്‍ ആദ്യം വലിയ വിമര്‍ശനങ്ങള്‍ക്കിടവരുത്തിയെന്നും പിന്നീട് വലിയ വിജയമായിരുന്നെന്നും സെല്ലൂര്‍ രാജ സ്വയം ന്യായീകരിക്കുന്നുണ്ട്. ലക്ഷങ്ങളുടെ നഷ്ടം സര്‍ക്കാരിന് ഈ പദ്ധതി മൂലം ഉണ്ടായി എന്നതിനേക്കാളുപരി ജല ജീവികള്‍ തെര്‍മോകോള്‍ ഭക്ഷിച്ചാല്‍ അതവയുടെ ജീവന് തന്നെ ആപത്തുണ്ടാക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
Post Your Comments