മുംബൈ: പ്രഭാതസവാരിക്കിടെ വാഹനമിടിച്ച സ്ത്രീയെ പിന്നീട് കണ്ടെത്തിയത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉറങ്ങിക്കിടക്കുന്ന നിലയില്‍. മുംബൈ വിരാറില്‍ നിന്നും കാണാതായ പാലക്കാട് സ്വദേശി മണപ്പുള്ളിക്കാവ് ദുര്‍ഗാനഗര്‍ രാജശ്രീ ഭവനത്തില്‍ ഇന്ദിര എന്ന 66 കാാരിയെയാണ് ഒരു ബന്ധു ഗുരുവായൂര്‍ അമ്പലനടയില്‍ വെച്ച് കണ്ടെത്തിയത്.
മൂന്ന് മാസം മുമ്പ് മുംബൈയില്‍ ലക്ചററായ മകള്‍ പദ്മജിഷയുടെ വീട്ടില്‍ നിന്നും രാവിലെ മകള്‍ക്കൊപ്പം പ്രഭാതസവാരിക്ക് പുറത്തുപോയ ഇന്ദിരയെ പെട്ടെന്ന് കാണാതായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരെ മകള്‍ അന്വേഷിക്കുന്നതായി വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ക്ഷേത്ര പരിസരത്ത് കിടന്നുറങ്ങുകയായിരുന്ന ഇവരുടെ ചിത്രം ബന്ധു മകള്‍ക്ക് അയച്ചു കൊടുത്തു. തുടര്‍ന്ന് മകള്‍ എത്തി അമ്മയെ കുടുംബവീട്ടില്‍ എത്തിക്കുകയും ചെയ്തു.
വിരാറില്‍ വെച്ച് ഇന്ദിരയെ വാഹനമിടിച്ചിരുന്നു. തുടര്‍ന്ന് ട്രാഫിക് പോലീസ് ഇവരെ താനെ സിവില്‍ ആശുപത്രിയിലാക്കുകയും ചെയ്തു. കൂടുതല്‍ വിവരമൊന്നും ഇന്ദിരയില്‍ നിന്നും കിട്ടാതെ വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന എന്‍ജിഒ പ്രവര്‍ത്തകരാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചത്. മകളുമായി രാവിലെ ഏഴരയോടെ മുംബൈയിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇന്ദിരയെ ന്യൂ വിവ കോളേജിനും ഡി മാര്‍ട്ടിനും ഇടയില്‍ വെച്ച് കാണാതാകുകയായിരുന്നു.
കാണാതാകുന്നതിന് രണ്ടാഴ്ച മുമ്പാണ് മകളെ തേടി ഇന്ദിര വിരാര്‍ വെസ്റ്റിലെ സൃഷ്ടി കോംപ്ലക്സില്‍ എത്തിയത്്. രാവിലെ മാതാവുമായി പ്രഭാത സവാരിക്ക് പോയപ്പോള്‍ വേഗത്തില്‍ നടന്നുപോയ മകള്‍ 100 മീറ്റര്‍ പിന്നിലായിരുന്ന മാതാവിനെ തിരിഞ്ഞ് നോക്കിയപ്പോള്‍ കാണാതെ വരികയും പിന്നീട് ഒട്ടേറെ അന്വേഷിച്ചിട്ടും കണ്ടെത്താനായിരുന്നില്ല. വീട്ടിലേക്കുള്ള വഴി അറിയില്ലെങ്കിലും മാതാവ് തന്നെത്തേടി കോളേജില്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു മകള്‍. എന്നിട്ടും കാണാതെ വന്നതോടെയാണ് പത്രത്തില്‍ വാര്‍ത്ത കൊടുത്തത്.
Post Your Comments