കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള കേന്ദ്ര പദ്ധതികളുടെ പേരുകൾ മാറ്റി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പേരുകൾ മാറ്റിയ പദ്ധതികൾ ഇവയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്റെ ബംഗാളിലെ പേര് മിഷന്‍ നിര്‍മല്‍ ബംഗള എന്ന് മാറ്റി. പ്രധാന്‍ മന്ത്രി ഗ്രാം സദക് യോജനയുടെ പേര്, ബംഗ്ള ഗ്രാമീണ്‍ സദക് യോജന എന്ന് മാറ്റിയപ്പോൾ ആജീവിക എന്ന പദ്ധതി ബംഗാളിൽ ആനന്ദധാര ആയി.
പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ പേര് ബംഗ്ള ഗ്രഹ പ്രകല്‍പ എന്നാണു മാറ്റിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഏപ്രിൽ 12 ന് ബംഗാൾ ഗ്രാമീണ വികസന മന്ത്രാലയം ഇറക്കുകയും ചെയ്തു.എന്നാൽ ഇതിനെതിരെ ബംഗാൾ ബിജെപി രംഗത്തെത്തി. മമത രാഷ്ട്രീയം കളിക്കുകയാണെന്ന് ബംഗാള്‍ ബിജെപി സെക്രട്ടറി സായാന്തന്‍ ബസു ആരോപിച്ചു.
പദ്ധതികളുടെ 40 ശതമാനവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും അതുകൊണ്ടു സംസ്ഥാനസർക്കാരിന്റെ പേരാണ് ഇടുന്നതെന്നും നേട്ടം കേന്ദ്ര സർക്കാരിന് കൊടുക്കാൻ സാധ്യമല്ലെന്നുമാണ് മമത സർക്കാർ ഇതിനു വിശദീകരണം നൽകിയിരിക്കുന്നത്. മുൻപ് 10 ശതമാനം സംസ്ഥാന പങ്കാളിത്തമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇപ്പോൾ 40 ശതമാനം സംസ്ഥാന പങ്കാളിത്തം ഈ പദ്ധതികളിൽ ഉണ്ടെന്നാണ് മമതയുടെ വാദം.
Post Your Comments