മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഈജിപ്ഷ്യന്‍ സ്വദേശി ഇമാന്‍ അഹമ്മദിനെ ചികിത്സിക്കുന്ന മൂംബൈയിലെ സെയ്ഫി ആശുപത്രിക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും ആരോപണങ്ങളുമായി ബന്ധുക്കള്‍. ഇമാന്റെ സഹോദരി ഷെയ്മ സലിമാണ് ആശുപത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷെയ്മ പുറത്ത് വിട്ട ഒരു വീഡിയോയിലൂടെയാണ് ഇമാന് ഇപ്പോഴും തൂക്കം കുറഞ്ഞിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ കളവ് പറയുകയാണെന്നുമുള്ള ആരോപണം ഉയർന്നത്. ആശുപത്രി അധികൃതരുടെ വാദം മാധ്യമങ്ങള്‍ക്കും സമൂഹത്തിനും മുന്നില്‍ മേനി കാണിക്കാനുള്ള വെറും തട്ടിപ്പാണെന്നും വീഡിയോയിലൂടെ സഹോദരി ആരോപിക്കുന്നു.
ഇമാന്റെ തൂക്കം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും ആശുപത്രി അധികൃതരും ജീവനക്കാരും തങ്ങളെ പറ്റിക്കുകയായിരുന്നുവെന്ന് അവർ പറയുന്നു. വലിയ തോതില്‍ ഭാരം ചികിത്സയ്ക്ക് ശേഷം കുറഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇമാന് ഇപ്പോള്‍ 240 കിലോവരെയുണ്ടെന്നും ഷെയ്മ സലിം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഈ ആരോപണം ശരിയല്ലെന്നും ഇമാന്റെ ഡിസ്ചാര്‍ജ് വൈകിപ്പിക്കാനുള്ള കുടുംബത്തിന്റെ തന്ത്രമാണ് ആരോപണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഈജിപ്തിൽ ആവശ്യത്തിനുള്ള ചികിത്സാ സൗകര്യമില്ല. അതുകൊണ്ട് തന്നെയാണ് ഡിസ്ചാര്‍ജ് വൈകിപ്പിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇമാന്റെ ചികിത്സ സെയ്ഫി ആശുപത്രിയില്‍ തുടങ്ങിയ ശേഷം അവരുടെ തൂക്കം 151 കിലോവരെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അധികൃതര്‍ അവകാശപ്പെടുന്നു.
തൂക്കം സാധാരണ നിലയിലെത്തിക്കണമെങ്കിൽ കൃത്യമായ ഭക്ഷണ ക്രമീകരണവും, വിശ്രമവും അത്യാവശ്യമാണ്. എന്നാല്‍ ഇവരുടെ ബന്ധുക്കള്‍ ഇമാനെ നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കുകയും നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആശുപത്രി അധികൃതരും ആരോപിക്കുന്നുണ്ട്. ഇമാന് ഇപ്പോള്‍ വായിലൂടെ ഭക്ഷണം ചവച്ചരച്ച് കഴിക്കാനോ സംസാരിക്കാനോ കഴിയില്ല. ഇതിന് നിര്‍ബന്ധിക്കുന്നത് പക്ഷാഘാതത്തിന് വരെ കാരണമാവുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇങ്ങനെയുള്ള ആരോപണങ്ങളൊന്നും തങ്ങളെ തകര്‍ക്കില്ലെന്നും ചികിത്സയിലുള്ള ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും സെയ്ഫി ആശുപത്രി സി.ഇ.ഒ ഹുഫൈസ ഷെഹബി പറഞ്ഞു.
Post Your Comments