Latest NewsNewsGulf

ബന്ധുനിയമനം: സൗദി മന്ത്രിയെ പുറത്താക്കി

റിയാദ്: സൗദി സിവില്‍ സര്‍വീസ് മന്ത്രിയെ പുറത്താക്കി. ബന്ധുനിയമനത്തില്‍ ആരോപണവിധേയനായ മന്ത്രിയെയാണ് പുറത്താക്കിയത്. ഭരണാധികാരി സല്‍മാന്‍ രാജാവ് മന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഭരണനേതൃത്വത്തില്‍ രാജാവ് വന്‍ അഴിച്ചുപണിയും നടത്തി. ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, അംബാസഡര്‍മാര്‍ എന്നിവരെയാണ് മാറ്റിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ വെട്ടിക്കുറച്ച അലവന്‍സുകള്‍ പുനഃസ്ഥാപിക്കാനും രാജാവ് ഉത്തരവിട്ടു.

അധികാര ദുര്‍വിനിയോഗത്തിന് ആരോപണം നേരിട്ട സിവില്‍ സര്‍വീസ് മന്ത്രി ഖാലിദ് അല്‍ അറജിനാണ് സ്ഥാനം നഷ്ടമായത്. ടെലികോം, ഐ.ടി. മന്ത്രി ഡോ. മുഹമ്മദ് അല്‍സുവൈലിനുപകരം എന്‍ജിനീയര്‍ അബ്ദുല്ല ബിന്‍ ആമിര്‍ അല്‍സവായെ നിയമിച്ചു. സഹമന്ത്രി ഡോ. ഉസാം ബിന്‍ സഅദ് ബിന്‍ സഈദിനെ ആക്ടിങ് സിവില്‍ സര്‍വീസ് മന്ത്രിയായി നിയമിച്ചു. സാംസ്‌കാരിക മന്ത്രി ഡോ. ആദില്‍ അല്‍തുറൈഫിക്കു പകരം ഡോ. അവാദ് ബിന്‍ സ്വാലിഹ് അല്‍അവദിനെ നിയമിച്ചു.

ഹാഇല്‍, അല്‍ബാഹ, വടക്കന്‍ അതിര്‍ത്തി പ്രവിശ്യകള്‍ എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കാണ് സ്ഥാനചലനം. യമന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന സൗദി സൈനികര്‍ക്കും അതിര്‍ത്തിരക്ഷാ സേനയിലെ ഭടന്‍മാര്‍ക്കും രണ്ടുമാസത്തെ അധിക ശമ്പളം വിതരണംചെയ്യും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ത്തിവെച്ചിരുന്ന അലവന്‍സുകള്‍ പുനഃസ്ഥാപിക്കാനും രാജാവ് ഉത്തരവിട്ടു. വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷ റമദാന് മുമ്പ് പൂര്‍ത്തിയാക്കും. അമീര്‍ ഖാലിദ് ബിന്‍ സല്‍മാനെ അമേരിക്കയിലെ സൗദി അംബാസഡറായി നിയമിച്ചതായും റോയല്‍ കോര്‍ട്ട് വിജ്ഞാപനം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button