ബംഗളൂരു : പരീക്ഷണാടിസ്ഥാനത്തിൽ ഐഫോണുകൾ അടുത്ത മാസം മുതൽ ഇന്ത്യയിൽ നിർമിച്ചുതുടങ്ങുമെന്ന് ആപ്പിൾ. കഴിഞ്ഞ വർഷം ഇന്ത്യൻ സന്ദർശനത്തിനെത്തിയ ആപ്പിൾ മേധാവി ടിം കുക്ക് രാജ്യത്തേക്കു വരാനുള്ള സന്നദ്ധത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടികൾ വേഗത്തിലായത്.
ബംഗളൂരുവിലെ പീന്യയിൽ വിസ്ട്രോൺ കോർപറേഷനാണ് ആപ്പിളിനു വേണ്ടി ഐഫോണുകൾ അസംബിൾ ചെയ്യുക. അടുത്ത മാസം പരീക്ഷണാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എന്നാണെന്നുള്ള കാര്യം വ്യക്തമാക്കിയിട്ടില്ല.നികുതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ സർക്കാരിൽനിന്നു ലഭിച്ച ശേഷം മാത്രമേ തീയതി തീരുമാനിക്കൂ എന്നാണ് സൂചന. ഇന്ത്യൻ സ്മാർട്ട്ഫോൺ മാർക്കറ്റിൽ വലിയ വിപണിസാധ്യതയാണ് രാജ്യത്ത് ഉത്പാദനം തുടങ്ങാൻ ആപ്പിളിനു പ്രചോദനമായത്. രാജ്യത്ത് ഉത്പാദനം തുടങ്ങുന്നതോടെ ഇറ്റക്കുമതിച്ചുങ്കം കറയ്ക്കാനാകും. ഇതുവഴി വിലയിൽ കാര്യമായ കുറവുണ്ടാക്കാനും സാധിക്കും.
ബംഗളൂരുവിൽ പ്രവർത്തനമാരംഭിക്കുന്നതോടെ ഐഫോൺ അസംബ്ലിംഗ് നടത്തുന്ന മൂന്നാമത് രാജ്യമായി ഇന്ത്യ മാറും. കഴിഞ്ഞ വർഷം 25 ലക്ഷം ഐഫോണുകളാണ് ഇന്ത്യൻ വിപണിയിലെത്തിയത്. മേക്ക് ഇൻ ഇന്ത്യ ഐഫോണുകൾ എത്തുന്നതോടെ ഇത് ഇനിയും ഉയരാനാണ് സാധ്യത.
Post Your Comments