മിഷിഗണ്‍: പെണ്‍കുട്ടിക്ക് സുന്നത്ത് നടത്തിയ കേസില്‍ അമേരിക്കയില്‍ ഇന്ത്യന്‍ ഡോക്ടറും ഭാര്യയും അറസ്റ്റില്‍. ഇന്ത്യന്‍ വംശജരായ ഫക്രുദീന്‍ അട്ടാര്‍, ഭാര്യ ഫരീദ അട്ടാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഫക്രുദീന്‍ അട്ടാറിന്റെ ഉടമസ്ഥതയില്‍ മിഷിഗണിലുള്ള ക്ലിനിക്കിലാണ് പെണ്‍കുട്ടിക്ക് സുന്നത്ത് നടത്തിയത്.
സ്ത്രീകളില്‍ ചേലാകര്‍മ്മം(സുന്നത്ത്) നടത്തുന്നത് അമേരിക്കന്‍ ഫെഡറല്‍ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്. അട്ടാറുടെ ക്ലിനിക്കല്‍ സുന്നത്ത് നടത്തിയതിന് ജുമാന നഗര്‍വാല എന്ന മറ്റൊരു ഇന്ത്യന്‍ ഡോക്ടര്‍ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ഡോക്ടറും ഭാര്യയും അറസ്റ്റിലായത്.
സ്ത്രീകളില്‍ സുന്നത്ത് നടത്തുന്നത് തടയുന്ന അമേരിക്കന്‍ ഫെഡറല്‍ നിയമപ്രകാരം അറസ്റ്റിലാകുന്ന ആദ്യപ്രതികളാണ് ഈ മൂന്നു ഇന്ത്യന്‍ വംശജരും.
ഗുജറാത്ത് സ്വദേശിയാണ് ഫക്രുദീന്‍ അട്ടാര്‍. മിഷിഗനില്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബുര്‍ഹാനി മെഡിക്കല്‍ ക്ലിനിക്കില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് സുന്നത്ത് നടത്തിയെന്നാണ് കേസ്. വനിതാ ഡോക്ടറായ ജുമാന നഗര്‍വാളയ്ക്ക് ഈ ശസ്ത്രക്രിയ നടത്താന്‍ സഹായിച്ചുവെന്നാണ് ഫരിദയ്ക്കു മേലുള്ള കുറ്റം.
നിരവധി പെണ്‍കുട്ടികളില്‍ ഫക്രുദീന്‍ അട്ടാറുടെ ക്ലിനിക്കില്‍ വച്ച് സുന്നത്ത് ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മിഷിഗണിലും സമീപപ്രദേശത്തു നിന്നും നിരവധിപേര്‍ പെണ്‍കുട്ടികളില്‍ ഈ ശസ്ത്രക്രിയ നടത്തുന്നതിന് ഇവിടെയെത്തിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ക്രിമിനല്‍ കുറ്റമാണെങ്കിലും വിശ്വാസത്തിന്റെ ഭാഗമായി നിരവധിയാളുകളാണ് തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് ഈ ശസ്ത്രക്രിയ നടത്താന്‍ മുന്നോട്ടുവരുന്നത്. ആറിനും എട്ടിനു മധ്യേപ്രായമുള്ള പെണ്‍കുട്ടികളിലാണ് സുന്നത്ത് കര്‍മ്മം നടത്തുന്നത്.
Post Your Comments