കൊച്ചി : സംസ്ഥാനത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേര്‍തിരിക്കേണ്ട സമയം അതിക്രമിച്ചെന്നും ഇതിനായി സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നെല്ലിയാമ്പതി ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്തു നല്‍കിയ അപ്പീലിലാണ് പോലീസിന്റെ കേസന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ വിമര്‍ശനം.
നേരത്തെ ചില കേസുകളില്‍ കുറ്റാന്വേഷണത്തിനായി പ്രത്യേക വിഭാഗം വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നെല്ലിയാമ്പതി മന്ദംചോലയില്‍ കര്‍ഷകനായ ചന്ദ്രനെയും ഒപ്പം താമസിച്ചിരുന്ന തങ്കമണിയെയും കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ പോലീസ് തിരിമറികാട്ടിയത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്.
കൊല നടത്തിയശേഷം വിദേശത്തേക്ക് കടന്ന രണ്ടാം പ്രതി പൗലോസിനെ രക്ഷിക്കാന്‍ 1992 നവംബര്‍ 11 ന് നടന്ന ഇരട്ടക്കൊലപാതകം നവംബര്‍ 27 നാണ് നടന്നതെന്ന് പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. 1996 ജനുവരിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. തെറ്റായ വിവരങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനും കേസില്‍ പ്രതിയായി.
എന്നാല്‍ ഈ കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മാത്യു പോളികാര്‍പ്പിന്റെ ശ്രമഫലമായാണ് സത്യം പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞത്. ക്രമസമാധാന പാലനം, കുറ്റാന്വേഷണം, പോലീസ് സേനയുടെ കഴിവ് തുടങ്ങിയവ മെച്ചപ്പെടുത്താന്‍ നിരവധി നിര്‍ദേശങ്ങള്‍ ഇതിനകം നല്‍കിയിട്ടുണ്ടെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല. കുറ്റാന്വേഷണത്തിന്റെ സ്ഥിതി ശോചനീയമായി തുടരുകയാണ്. ഒരു കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതോടെ പോലീസിന്റെ ഉത്തരവാദിത്വം കഴിയില്ലെന്ന് ജോസഫ് കുഞ്ചെറിയക്കേസില്‍ ഹൈക്കോടതി ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.
തെളിവുകള്‍ വളച്ചൊടിച്ചും അന്വേഷണം വൈകിപ്പിച്ചും പോലീസിന്റെ വിശ്വാസ്യത നശിപ്പിക്കുന്ന തരത്തില്‍ ആദ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. ഇവര്‍ സമയബന്ധിതമായി നടപടിയെടുത്തിരുന്നെങ്കില്‍ പോലീസ് സേനയ്ക്ക് കൂടുതല്‍ വിശ്വാസ്യത കൈവരുമായിരുന്നുവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസിലെ ആറു പ്രതികള്‍ക്ക് ജീവപര്യന്തമടക്കമുള്ള ശിക്ഷ വിധിച്ചത് ശരിവച്ച ഹൈക്കോടതി 12 ാം പ്രതി കാലടി സ്വദേശി അസീസിനെ വെറുതേ വിട്ടു.
കഴിവുകെട്ടതും സ്വാധീനത്തിന് വഴങ്ങുന്നവരുമായ പോലീസ് ഉദ്യോഗസ്ഥരെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ അന്വേഷണം ഏല്‍പിക്കുന്നത് പൊതു സമൂഹത്തോടു കാട്ടുന്ന കടുത്ത അന്യായമാണ്. കുറ്റാന്വേഷണ രംഗത്ത് നിലവിലുള്ള പരിതാപകരമായ അവസ്ഥയെക്കുറിച്ച് പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണെന്നും ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.
Post Your Comments