തിരുവനന്തപുരം: തീവ്രവാദ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനും പ്രകൃതിക്ഷോഭം പോലുള്ള വെല്ലുവിളികള്‍ നേരിടുന്നതിനും കേരള പോലീസ് കൂടുതല്‍ സജ്ജമാവുന്നു. ഇപ്പോള്‍ കേരളപോലീസില്‍ നിലവിലുള്ള ഇന്ത്യാ റിസര്‍വ് ബറ്റാലിയനു പുറമേ ഈ ലക്ഷ്യത്തോടെ നിലവിലുള്ള ഏഴ് സായുധസേനാ ബറ്റാലിയനുകളിലും ഓരോ കമാന്‍ഡോ വിഭാഗം രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവായി.
മുപ്പതുപേര്‍ വീതമുള്ള കമാന്‍ഡോ വിഭാഗമാണ് ഓരോ ബറ്റാലിയനിലും രൂപവത്കരിക്കുന്നത്. ഒരു എ.പി.എസ്.ഐ (കമാന്‍ഡര്‍), ഒരു എ.പി.എ.എസ്.ഐ (അസിസ്റ്റന്റ് കമാന്‍ഡര്‍), മൂന്ന് ഹെഡ്കോണ്‍സ്റ്റബിള്‍ (സെക്ഷന്‍ കമാന്‍ഡര്‍), 30 കമാന്‍ഡോകള്‍ എന്നിവരുള്ള വിഭാഗമാണ് രൂപീകരിക്കുന്നത്. ഇതിനായി 210 കമാന്‍ഡോകളുടെ അധിക തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലേക്ക് തെരഞ്ഞെടുക്കുന്നതിനായി നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും ഇവരെ നിയമിക്കുന്നതിനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
പുതുതായി രൂപീകരിക്കുന്ന കമാന്‍ഡോ വിഭാഗങ്ങള്‍ക്ക് ദേശീയ ഏജന്‍സികളുടെ സഹായത്തോടെ ഏറ്റവും മികച്ച പരിശീലനം നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
എല്ലാ ബറ്റാലിയനുകളിലും കമാന്‍ഡോ വിഭാഗം വരുന്നതോടെ ഓരോ പ്രദേശത്തുമുണ്ടാകുന്ന ആകസ്മിക സംഭവങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ പ്രശ്നങ്ങള്‍ എന്നിവ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനാവുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ഇതേത്തുടര്‍ന്ന് പുതുതായി രൂപീകരിക്കുന്ന വനിതാ ബറ്റാലിയനിലും ഒരു കമാന്‍ഡോ വിഭാഗം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments