മുംബൈ: എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച് വിവാദം സൃഷ്ടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക് വാദ് വീണ്ടും വിവാദത്തില്‍. എടിഎം പ്രവര്‍ത്തിക്കാത്തതിന് പോലീസിനോട് കയര്‍ക്കുകയായിരുന്നു ശിവസേന എംപി ഗെയ്ക് വാദ്. മഹാരാഷ്ട്രയിലെ ലത്തൂരിലുള്ള ഒരു എടിഎമ്മിന് മുന്നിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
എടിഎമ്മില്‍ നിന്ന് പണം ലഭിക്കാതിരുന്നതാണ് ശിവസേന എംപിയെ പ്രകോപിതനാക്കിയത്. പണം എടുക്കാനായി ഗെയ്ക് വാദ് സഹായിയെ അയച്ചെങ്കിലും പണമില്ലാത്തതിനാല്‍ അയാള്‍ വെറും കൈയ്യോടെയാണ് മടങ്ങിയെത്തിയത്. മറ്റു ചില എടിഎമ്മുകളില്‍ കയറി നോക്കിയെങ്കിലും ഇത് തന്നെയായിരുന്നു അവസ്ഥ. ഇതോടെയാണ് അനുയായികളുമായി എടിഎമ്മിന് പുറത്ത് ഗെയ്ക് വാദ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഗതാഗത തടസം സൃഷ്ടിക്കുമെന്നതിനാല്‍ എംപിയേയും സംഘത്തേയും തടയാന്‍ പോലീസ് സംഭവ സ്ഥലത്തെത്തി. പോലീസ് സംഘത്തോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ എടിഎമ്മിലെ അവസ്ഥ വിശദീകരിച്ച് എം പി കയര്‍ക്കുകയായിരുന്നു. കഴിഞ്ഞ പതിനഞ്ച് ദിവസമായി എടിഎമ്മുകളില്‍ പണമില്ലെന്ന് ഗെയ്ക് വാദ് പോലീസിനോട് വിശദീകരിച്ചു. ആവശ്യത്തിന് പണമെടുക്കാന്‍ വരുമ്പോള്‍ ലഭിക്കാതെ വന്നാല്‍ തങ്ങള്‍ എന്ത് ചെയ്യണമെന്ന് അദ്ദേഹം ചോദിച്ചു.
Post Your Comments