തിരുവനന്തപുരം: സൗദിഅറേബ്യയുടെ ഔദ്യോഗിക എയര്‍ലൈനായ സൗദിയയുടെ കൂറ്റന്‍ വിമാനങ്ങള്‍ അടുത്തമാസം തലസ്ഥാനനഗരിയിലേയ്ക്ക് പറന്നെത്തും. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറക്കാന്‍ സൗദിയയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. എയര്‍ബസ് 380 വന്‍വിമാനങ്ങളുടെ ശേഖരം സൗദിയയ്ക്കുണ്ടെങ്കിലും തിരുവനന്തപുരത്ത് എയര്‍ബസ് ഇറങ്ങാനുള്ള സൗകര്യമില്ലാത്തതിനാല്‍ മുന്നൂറിലേറെപ്പേര്‍ക്ക് യാത്ര ചെയ്യാവുന്ന എ-330 വിമാനമാവും എത്തുക. കരിപ്പൂരിലും നെടുമ്പാശേരിയിലും വര്‍ഷങ്ങളായി സൗദിയയ്ക്ക് സര്‍വീസുണ്ടെങ്കിലും തലസ്ഥാനത്തേക്ക് പറക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല.
സൗദിയ കൂടിയെത്തുന്നതോടെ ലോകത്തെ വന്‍കിട വിമാനക്കമ്പനികളെല്ലാം തിരുവനന്തപുരത്ത് നിന്ന് സര്‍വീസുള്ളവയായി മാറും. ഏറ്റവുമധികം മലയാളികളുള്ള സൗദിയിലേക്ക് എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, ഫ്‌ളൈ ദുബായ്, എയര്‍ഇന്ത്യ, കുവൈറ്റ് എയര്‍വെയ്‌സ് എന്നിവയ്ക്കാണ് തിരുവനന്തപുരത്തു നിന്ന് സര്‍വീസുണ്ടായിരുന്നത്. സൗദിയ അധികൃതര്‍ വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കരിപ്പൂരില്‍ നിന്ന് എല്ലാദിവസവും ജിദ്ദയിലേക്കും റിയാദിലേക്കും ഓരോ സര്‍വീസിന് സൗദിയ അനുമതി നേടിയിട്ടുണ്ട്. 2003മുതല്‍ നെടുമ്പാശേരിയില്‍ നിന്ന് സൗദിയയ്ക്ക് സര്‍വീസുകളുണ്ട്.
വിമാനത്താവളത്തിലെ 3398 മീറ്റര്‍ റണ്‍വേ, 1200 മീറ്ററോളം ടാക്‌സിവേ എന്നിവ 70കോടി ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തില്‍ പുതുക്കിപ്പണിതതിന് (റീ-കാര്‍പ്പറ്റിംഗ്) പിന്നാലെയാണ് സൗദിയ തിരുവനന്തപുരത്തേക്കെത്തുന്നത്. 191 രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലെ അതേ നിലവാരത്തിലാണ് റണ്‍വേയും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് തിരുവനന്തപുരത്ത് നിത്യേന എണ്‍പതിനും നൂറിനുമിടയില്‍ സര്‍വീസുകളുണ്ട്. എയര്‍ബസ് 380 ഒഴികെയുള്ള വലിയ വിമാനങ്ങള്‍ക്കെല്ലാം ഇപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങാനാവും.
രാജ്യത്തെ 97 വിമാനത്താവളങ്ങളും നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തവേ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ സാമ്പത്തികവര്‍ഷം 15.88കോടിയുടെ ലാഭം നേടിയിരുന്നു. 238കോടി രൂപയുടെ വരുമാനമാണ് നമ്മുടെ വിമാനത്താവളമുണ്ടാക്കിയത്. അഞ്ച് മില്യണ്‍ യാത്രക്കാര്‍ വരെയുള്ള വിമാനത്താവളങ്ങളുടെ ലോകറാങ്കിംഗില്‍ അഞ്ചാംറാങ്കാണ് തിരുവനന്തപുരത്തിന്.
തിരുവനന്തപുരത്ത് ഇറങ്ങുന്ന വിമാനങ്ങള്‍ സാധാരണ ഇറങ്ങിയ റണ്‍വേയിലൂടെ നീങ്ങിയാണ് പാര്‍ക്കിംഗ് ബേയില്‍ എത്തിയിരുന്നത്. നിലവില്‍ 540 മീറ്റര്‍ നീളത്തില്‍ ടാക്‌സിവേയുണ്ടെങ്കിലും അത് റണ്‍വേയ്ക്ക് സമാന്തരമായിട്ടായിരുന്നില്ല. സമാന്തരമായി ടാക്‌സിവേയുണ്ടെങ്കില്‍ റണ്‍വേയിലിറങ്ങുന്ന വിമാനത്തിന് പെട്ടെന്ന് പാര്‍ക്കിംഗ് ബേയിലേക്ക് കടക്കാനാവും. റണ്‍വേ പെട്ടെന്ന് ഒഴിയുന്നതിനാല്‍ തൊട്ടുപിന്നാലെയെത്തുന്ന വിമാനങ്ങള്‍ക്ക് സമയനഷ്ടമില്ലാതെ റണ്‍വേയിലിറങ്ങാം. ലക്ഷക്കണക്കിന് രൂപയുടെ ഇന്ധനച്ചിലവും ഒഴിവാക്കാം. പാരലല്‍ ടാക്‌സിവേയുണ്ടെങ്കില്‍ വിമാനമിറങ്ങിയാല്‍ പരമാവധി അഞ്ചുമിനിറ്റിനകം റണ്‍വേ ഒഴിഞ്ഞുകിട്ടുമെന്നതാണ് മെച്ചം. നിലവില്‍ ഒരുവിമാനമിറങ്ങിയാല്‍ റണ്‍വേ ഒഴിഞ്ഞുകിട്ടാന്‍ എട്ടുമുതല്‍ പത്തുമിനിറ്റുവരെയെടുക്കും. വര്‍ഷങ്ങളായി വ്യോമയാന മന്ത്രാലയത്തിലും വിമാനത്താവള അതോറിട്ടിയിലുമായി കുടുങ്ങിക്കിടന്ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമായത്.
Post Your Comments