കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ കൂട്ട പിരിച്ചുവിടല്‍. അമേരിക്കന്‍ ഐ.ടി. കമ്പനിയായ കോഗ്‌നിസെന്റ് ടെക്നോളജി സൊലൂഷന്‍സ് (സി.ടി.എസ്) ന്റെ എറണാകുളം ഇന്‍ഫോപാര്‍ക്ക് കാമ്പസിലാണ് കൂട്ട പിരിച്ചുവിടല്‍ നടന്നത്. അടുത്തിടെ പിരിച്ചുവിടപ്പെട്ടത് ഇരുനൂറോളം പേരാണ്.
ആഗോള അടിസ്ഥാനത്തില്‍ കമ്പനിയില്‍നിന്ന് 10,000 ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഘട്ടംഘട്ടമായി ജീവനക്കാരെ ഒഴിവാക്കുന്നത്. ജോലി പ്രകടനത്തില്‍ മികവില്ലെന്നും കാട്ടിയാണ് എച്ച്. ആര്‍. വിഭാഗം ജീവനക്കാരോട് നിര്‍ബന്ധിത രാജി ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ജോലി രാജി വയ്ക്കുന്നവര്‍ക്ക് കമ്പനി നാലുമാസത്തെ ശമ്പളം നല്‍കും.
സി.ടി.എസിലെ ഏറ്റവും താഴ്ന്ന ഉദ്യോഗസ്ഥരായ പ്രോഗ്രാം അസോസിയേറ്റ്, അനലിസ്റ്റ് തസ്തികകളിലുള്ളവരെയാണ് കമ്പനി ഒഴിവാക്കുന്നത്. ഫോര്‍ത്ത് ബക്കറ്റ് എന്ന ഗ്രേഡിലാക്കി പ്രോജക്ടുകള്‍ നല്‍കാതെയാണ് ഇവരെ ഒഴിവാക്കുന്നത്. ആദ്യ ഘട്ടത്തില്‍ 5000 പേരെ കമ്പനി ഒഴിവാക്കിയിരുന്നു. രണ്ടാം ഘട്ടം ഒഴിവാക്കല്‍ അരംഭിച്ചപ്പോള്‍ കഴിഞ്ഞ ആഴ്ച്ചയില്‍ മാത്രം നൂറോളം പേര്‍ക്കാണ് കൊച്ചിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. നിര്‍ബന്ധിത രാജി ആയതിനാല്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനും സാധിക്കില്ല.
ജീവനക്കാരെ എച്ച്.ആര്‍ റൂമിലേക്ക് വിളിപ്പിച്ച് നാളെ മുതല്‍ ജോലിക്ക് വരേണ്ടെന്നും ഇന്ന് തന്നെ രാജി വയ്ക്കണമെന്നും ആവശ്യപ്പെടുന്നതാണ് രീതി. അന്ന് തന്നെ കമ്പനിയുടെ ഇമെയില്‍ ലോഗിന്‍ ആക്സസുകള്‍ ഒഴിവാക്കുന്നതിനാല്‍ രാജി വയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതാകും.
വലിയ പ്രോജക്ടുകള്‍ നഷ്ടപ്പെട്ടതിന്റെ ഭാഗമായാണ് സി.ടി.എസ് തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്. മാനേജര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ആളുകളെയാണ് എച്ച്.ആര്‍. വിഭാഗം രാജിവയ്പ്പിക്കുന്നത്. എന്നാല്‍, ഇതിനൊന്നും യാതൊരുവിധ രേഖകളുമില്ല. രണ്ടാംഘട്ട പിരിച്ചുവിടല്‍ ആരംഭിച്ച സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് ജീവനക്കാര്‍ ദിവസവും ഓഫീസിലെത്തുന്നത്.
Post Your Comments