Latest NewsNewsInternational

ഐഎസിന് നേരെ ബോംബ് ആക്രമണം: മലയാളികളായ സ്ത്രീകളും കുട്ടികളും സുരക്ഷിതര്‍

ന്യൂഡല്‍ഹി : ഐ.എസിനു നേരെയുള്ള ബോംബ് ആക്രമണത്തില്‍ മലയാളികളായ സ്ത്രീകളും കുട്ടികളും സുരക്ഷിതരെന്ന് എന്‍.ഐ. എ അറിയിച്ചു. അഫ്ഗാനിസ്താനില്‍ നംഗര്‍ഹാറിലെ ഐ.എസ്.കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കേരളത്തില്‍ നിന്നുള്ള സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അപായമുണ്ടാകാനിടയില്ലെന്നാണ് എന്‍.ഐ.എ വിലയിരുത്തുന്നത്. ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ നാടുവിട്ടവരില്‍പ്പെട്ട സ്ത്രീകളും കുട്ടികളും നംഗര്‍ഹാറില്‍ നിന്ന് രണ്ടരമണിക്കൂര്‍ യാത്രചെയ്താല്‍ എത്താവുന്ന മറ്റൊരു സ്ഥലത്താണെന്ന് എന്‍.ഐ.എ. സ്ഥിരീകരിച്ചു.
ഐ.എസി.ല്‍ ചേര്‍ന്നുവെന്നുകരുതുന്ന പാലക്കാട് സ്വദേശി ഈസ എന്ന ബക്‌സണ്‍ കഴിഞ്ഞ നവംബര്‍ 16-ന് മാതാപിതാക്കളെയും ഭാര്യ നിമിഷ എന്ന ഫാത്തിമയുടെ അമ്മയെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നംഗര്‍ ഹാറില്‍ നിന്ന് വളരെ അകലെയാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമെന്നാണ് ഈസ അന്നുപറഞ്ഞത്. ഈ വിവരങ്ങളും വിളിച്ച ഫോണിന്റെ നമ്പറും വീട്ടുകാര്‍ അന്നുതന്നെ എന്‍.ഐ.എ.യ്ക്ക് കൈമാറിയിരുന്നു. ഇതനുസരിച്ചാണ് സ്ത്രീകളും കുട്ടികളും സുരക്ഷിതരായിരിക്കാമെന്ന നിഗമനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി എത്തിയത്.
കേരളംവിട്ട 22 പേരില്‍ അഞ്ചുസ്ത്രീകളും രണ്ടുകുട്ടികളുമാണുള്ളത്. കാസര്‍കോട് തൃക്കരിപ്പൂര്‍, ഉടുമ്പുന്തലയിലെ അബ്ദുള്‍ റാഷിദ് അബ്ദുല്ലയുടെ ഭാര്യ എറണാകുളം വൈറ്റില സ്വദേശി ആയിഷ, പടന്ന സ്വദേശി ഡോ. ഇജാസിന്റെ ഭാര്യ റഫീല, ഇജാസിന്റെ സഹോദരന്‍ ഷിയാസിന്റെ ഭാര്യ അജ്മല, പാലക്കാട് സ്വദേശി ബക്‌സണ്‍ എന്ന ഈസയുടെ ഭാര്യ നിമിഷ എന്ന ഫാത്തിമ, ഈസയുടെ അനുജന്‍ യഹിയയുടെ ഭാര്യ മെറിന്‍ എന്ന മറിയം എന്നിവരും

അബ്ദുള്‍ റാഷിദ് അബ്ദുല്ലയുടെ രണ്ടുവയസ്സുള്ള മകളും ഇജാസിന്റെ ഒന്നരവയസ്സുള്ള മകനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഐ.എസില്‍ പോകുമ്പോള്‍ മെറിനും നിമിഷയും ഗര്‍ഭിണികളായിരുന്നു. ഇവര്‍ അഫ്ഗാനിലെ തോറബോറയില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കഴിഞ്ഞ ഓഗസ്റ്റ് 18-നാണ് നിമിഷ പ്രസവിച്ചത്.

+93 എന്നുതുടങ്ങുന്ന ഫോണ്‍നമ്പരില്‍ നിന്നാണ് ഈസ വിളിച്ചത്. പുരുഷന്മാര്‍ നംഗര്‍ഹാറിലും സ്ത്രീകളും കുഞ്ഞുങ്ങളും അകലെയാണെന്നുമാണ് ഈസ പറഞ്ഞത്. പിതാവ് വിന്‍സെന്റിനെയും മാതാവ് ഗ്രേസിയെയും നിമിഷയുടെ അമ്മ ബിന്ദുവിനെയും ഒരു സുഹൃത്തിനെയും ഇയാള്‍ വിളിച്ചിരുന്നു. കൈയില്‍ പണമില്ലെന്നും അഫ്ഗാനിസ്താനില്‍ നിന്ന് ഫോണ്‍ ചെയ്യുന്നതിനു ചെലവേറുമെന്നും പറഞ്ഞു.

22 അംഗ സംഘത്തോടൊപ്പം പോകുന്നതില്‍ നിന്ന് അവസാനനിമിഷം ഒഴിവായ കാസര്‍കോട് സ്വദേശിയാണ് ഈസ വിളിച്ച സുഹൃത്ത്. ഇയാള്‍ എന്‍.ഐ.എ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button