KeralaLatest NewsNews

സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളുടെ അക്കൗണ്ടില്‍ ആവശ്യത്തിന് ഉപകരിയ്ക്കാതെ കോടികളുടെ നിക്ഷേപം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെ പ്ലാന്‍ ഡെപ്പോസിറ്റ് (പി.ഡി) അക്കൗണ്ടുകളില്‍ നിഷ്‌ക്രിയമായി കിടക്കുന്നത് 50 കോടിയോളം രൂപ. അടിസ്ഥാനസൗകര്യം പോലും ഒരുക്കാനാകാതെ സ്‌കൂളുകള്‍ വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ കോടിക്കണക്കിന് വരുന്ന തുക ഈ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്.

സംസ്ഥാനത്തെ സ്‌കൂളുകളുടെ പി.ഡി അക്കൗണ്ടുകളില്‍ 25.26 കോടി രൂപയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ അക്കൗണ്ടുകളില്‍ 21.20 കോടിയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ അക്കൗണ്ടുകളില്‍ 85.22 ലക്ഷം രൂപയും ഉണ്ടെന്നാണ് കണക്ക്. ഈ തുക വര്‍ഷങ്ങളായി ഒന്നിനും ചെലവഴിക്കാതെ കിടക്കുകയാണ്. എന്നാല്‍, ഇതേ സ്‌കൂളുകള്‍തന്നെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തില്‍ വീര്‍പ്പുമുട്ടുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിലാണ് ഈ തുക സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പരിപാടിയുടെ ഭാഗമായുള്ള അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാന്‍ അനുമതി നല്‍കിയത്. വിദ്യാര്‍ഥികളില്‍ നിന്ന് വര്‍ഷങ്ങളായി വിവിധ ഇനങ്ങളില്‍ ശേഖരിക്കുന്ന സ്‌പെഷല്‍ ഫീസ് ഉള്‍പ്പെടെയുള്ളവയാണ് പി.ഡി അക്കൗണ്ടില്‍ കെട്ടിക്കിടക്കുന്നത്.
ക്ലാസ് മുറികളുടെ അറ്റകുറ്റപ്പണി, ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ക്ലാസ് റൂം, പാചകപ്പുര നിര്‍മാണം, ഭക്ഷണഹാള്‍, മൂത്രപ്പുര നിര്‍മാണം, ലൈബ്രറി, പഠനനേട്ടം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി ഈ തുക ഉപയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

2015 മാര്‍ച്ച് 31 പ്രകാരമുള്ള കണക്ക് പ്രകാരം 25,26,97,714 രൂപയാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെ അക്കൗണ്ടില്‍ നിഷ്‌ക്രിയ നിക്ഷേപമായുള്ളത്. 21,20,75,919 രൂപയാണ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ അക്കൗണ്ടുകളിലുള്ളത്. 85,22,440 രൂപയാണ് വി.എച്ച്.എസ്.ഇ സ്‌കൂളുകളുടെ അക്കൗണ്ടുകളില്‍ ഉള്ളത്.

shortlink

Post Your Comments


Back to top button