കൊച്ചി: അഫ്ഗാൻ ക്യാമ്പിലെ മലയാളി ഐ.എസ്. ഭീകരര്‍ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചു. അമേരിക്കയുടെ ആക്രമണത്തില്‍ പതറില്ലെന്നും മരണംവരിക്കാന്‍ തയ്യാറാണെന്നും ചൂണ്ടിക്കാട്ടിയാണ് മലയാളി ഐ.എസ്. ഭീകരര്‍ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചത്. തിരികെവരാനുള്ള ബന്ധുക്കളുടെ അഭ്യര്‍ഥനയും ഇവര്‍ തള്ളി.
അമേരിക്കയുടെ ബോംബാക്രമണത്തില്‍ മരിച്ചവരില്‍ മലയാളികളുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. വിശദ അന്വേഷണം നടത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ഉടനെ അഫ്ഗാനിലേക്ക് തിരിക്കുമെന്നും സൂചനകളുണ്ട്.
ടെലഗ്രാം മെസഞ്ചര്‍ വഴിയാണ് അമേരിക്കയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് ഐ.എസ്. ഭീകരര്‍ സന്ദേശമയച്ചത്. മാത്രമല്ല വിശുദ്ധയുദ്ധത്തിന് തയ്യാറായിരിക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നു. ‘സത്യവിശ്വാസത്തിന്റെ പേരില്‍ ഒരു സഹോദരന്‍ കൂടി രക്തസാക്ഷിയായിരിക്കുന്നു. ഞങ്ങളെല്ലാം അതേമാര്‍ഗത്തെ കാത്തിരിക്കുകയാണെന്നു’മാണ് സന്ദേശത്തില്‍ പറയുന്നത്. തിരികെവരാനുള്ള ബന്ധുക്കളുടെ അഭ്യര്‍ഥന വിഡ്ഢിത്തമാണെന്നും സന്ദേശത്തില്‍ പറയുന്നു.
ഐ.എസ്. കേന്ദ്രങ്ങളില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എന്‍.ഐ.എ. സംഘം ഉടനെ അഫ്ഗാനിസ്ഥാനിലേക്ക് തിരിക്കുമെന്നാണ് സൂചന. അഫ്ഗാനിലെ ഐ.എസ്.കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നത് ദുഷ്‌കരമാണെങ്കിലും പരമാവധി ശ്രമിക്കാനാണ് ലക്ഷ്യമിടുന്നത്. വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാമെന്നും എന്‍.ഐ.എ. കണക്കുകൂട്ടുന്നു.
Post Your Comments