Latest NewsKeralaNews

കോടിയേരിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം : പ്രമുഖ മതപണ്ഡിതനോട് സമസ്ത വിശദീകരണം തേടി

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ ഇസ്ലാം മതപണ്ഡിതനോട് സമസ്ത വിശദീകരമം ആവശ്യപ്പെട്ടു. മതപ്രഭാഷകന്‍ നൗഷാദ് ബാഖവിയോടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിശദീകരണം തേടിയത്. പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് സമസ്ത പ്രസിഡന്റ് വിശദീകരണം തേടിയത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സന്യാസിയുമായ യോഗി ആദിത്യനാഥിനെയും പാണക്കാട് തങ്ങളെയും കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ താരതമ്യം ചെയ്തിരുന്നു. ഇതിനെതിരെയാണ് ഏപ്രില്‍ ഒമ്പതിന് മലപ്പുറം ജില്ലയിലെ വടക്കാങ്ങരയില്‍ തന്റെ പ്രസംഗത്തിലൂടെ നൗഷാദ് ബാഖവി രൂക്ഷമായ വിമര്‍ശനം നടത്തിയത്. മലപ്പുറത്തെ യുവാക്കള്‍ക്ക് ചങ്കുറപ്പ് നഷ്ടപ്പെട്ട് തുടങ്ങിയെന്ന ബോധം കോടിയേരിയുടെ മനസിലുളളത് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങളൊക്കെ ജീവിച്ചിരിക്കുന്ന കാലത്ത് ഇത് പറഞ്ഞാല്‍, തങ്ങളുടെ അനുവാദം പോലും ചോദിക്കാന്‍നില്‍ക്കൂല്ല. അബു ഉബൈദത്ത് ബിന്‍ ജറാഹിന്റെ ചരിത്രം പറഞ്ഞപോലെ, സ്വന്തം വാപ്പയാണെങ്കിലും തല മലബാറിന്റെ മണ്ണില്‍ കിടന്ന് ഉരുണ്ടുപോകുമായിരുന്നുവെന്നും നൗഷാദ് ബാഖവി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

ഇത് വിവാദമായതോടെ തന്റെ പ്രതികരണം തെറ്റായിപ്പോയെന്നും മാപ്പ് ചോദിക്കുന്നുവെന്നും നൗഷാദ് ബാഖവി പ്രതികരിച്ചിരുന്നു. ‘തങ്ങളോടുള്ള അതിയായ സ്നേഹത്താല്‍ പറഞ്ഞ വാക്കുകള്‍ അതിരുകടന്നു പോയി. അത് എല്ലാവരും പൊരുത്തപ്പെടണം. ഇനി അങ്ങനെയുള്ള വാക്കുകള്‍ എന്റെ നാവില്‍ നിന്നും ഉണ്ടാവില്ല. സാമുദായിക സ്പര്‍ദ്ധ ഉണ്ടാവാന്‍ തീരെ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു നൗഷാദ് ബാഖവിയുടെ പ്രതികരണം. ഇതിനിടെയാണ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button