ന്യൂഡല്‍ഹി: ഒരു കോടി ഇന്ത്യക്കാരുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി വില്‍പ്പന നടത്തുന്നതായി കണ്ടെത്തല്‍. ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങളാണ് ഒന്നിച്ചു നല്‍കുന്നത്. അതിനാൽ തന്നെ ഒരാളുടെ വിവരത്തിന് ഏകദേശം 25 പൈസ നിരക്കില്‍ വരെ ലഭിക്കുമെന്നാണ് ഡെല്‍ഹി പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
1.46 ലക്ഷം രൂപ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷില്‍ എണ്‍പത് വയസുള്ള ഒരു സ്ത്രീയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും നഷ്ടപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. വില്‍പ്പനയ്ക്ക് വച്ചിരുന്നത് കാര്‍ഡ് നമ്പര്‍, കാര്‍ഡുടമയുടെ പേര്, മൊബൈല്‍ നമ്പര്‍, ജനനത്തീയതി തുടങ്ങിയ വിവരങ്ങളാണ്. ഇതിലധികവും മുതിര്‍ന്ന പൗരന്മാരുടെ വിവരങ്ങളായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഘം ബാങ്ക് ഉദ്യോഗസ്ഥരെന്ന് വ്യാജേന അക്കൗണ്ടുടമകളെ സമീപിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ബാങ്ക് വിവരങ്ങള്‍ക്ക് പുറമെ കാള്‍ സെന്ററുകളില്‍ നിന്നുള്ള വിവരങ്ങളും ചോര്‍ത്തി അജ്ഞാതര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പാണ്ഡവ് നഗര്‍ സ്വദേശി പുരണ്‍ ഗുപ്ത എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡിസിപി റോമില്‍ ബാനിയ പറഞ്ഞു. ഒരു മുംബൈ സ്വദേശിയാണ് വിവരങ്ങള്‍ പുരണിന് നല്‍കിയത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
Post Your Comments