തിരുവനന്തപുരം• മഹിജയെ നിലത്തിട്ട് ചവിട്ടിയതായി പറയപ്പെടുന്ന എസ്.ഐയുടെ മറ്റൊരു വീരകൃത്യം വീഡിയോയിലൂടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വഴിയോര കച്ചവടക്കാരായ യുവാക്കളെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ എസ്.ഐ സുനില്‍ കുമാര്‍ യാതൊരു പ്രകോപനവുമില്ലാതെ തെറി വിളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബാര്‍ട്ടണ്‍ കോളനിയ്ക്ക് സമീപം തണ്ണിമത്തന്‍ വില്‍ക്കുകയായിരുന്ന യുവാക്കളാണ് എസ്.ഐയുടെ തെറിയഭിഷേകത്തിന് പാത്രമായത്. യുവാക്കള്‍ പകര്‍ത്തി ഫെയ്‌സ്ബുക്കിലിട്ട വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം. ജീപ്പിലെത്തിയ പൊലീസ് തണ്ണിമത്തന്‍ വില്‍ക്കുന്ന യുവാക്കളോട് ഇവിടെ കച്ചവടം നടത്താന്‍ പാടില്ലെന്നും ഇവിടെ നിന്നും പോകണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ ജീവിക്കാനാണ് ഈ ജോലി ചെയ്യുന്നതെന്ന് യുവാക്കള്‍ പറയുന്നു. ഇതിനിടെയായിരുന്നു എസ്‌ഐ തെറിവിളിക്കുന്നത്. സാറ് ചീത്ത വിളിക്കരുതെന്ന് യുവാക്കളില്‍ ചിലര്‍ പറയുന്നത് വീഡിയോയില്‍ കാണാം. യുവാക്കള്‍ക്ക് നേരെ എസ്‌ഐ വിരല്‍ചൂണ്ടി പാഞ്ഞടുക്കുന്നതും വീഡിയോയിലുണ്ട്. എസ്‌ഐക്കെതിരെ യുവാക്കള്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ ചീത്ത വിളിക്കുന്നത് വീഡിയോയിലില്ല. ഒടുവില്‍ വന്ന ജീപ്പില്‍ തിരിച്ചുപോകുകയാണ് എസ്‌ഐ ചെയ്യുന്നത്.
അതേസമയം, ആക്രമണങ്ങള്‍ സ്ഥിരം നടക്കുന്ന പ്രദേശത്ത് കച്ചവടക്കം ചെയ്യരുതെന്ന് പറഞ്ഞപ്പോള്‍ യുവാക്കള്‍ തന്നെ ചീത്ത പറയുകയായിരുന്നുവെന്ന് എസ്‌ഐ പറഞ്ഞു. യുവാക്കള്‍ക്ക് ഗൂണ്ടാ പശ്ചാത്തലമുണ്ടെന്നും എസ്‌ഐ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് അവിടെ ആക്രമണം നടന്നിരുന്നുവെന്നും അത്തരത്തില്‍ സാഹചര്യം ഒഴിവാക്കാനുള്ള ശ്രമമായിരുന്നു നടത്തിയതെന്നും സുനില്‍ പറയുന്നു. യുവാക്കളുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്ന തെളിവുകള്‍ വേണമെന്നുണ്ടെങ്കില്‍ നല്‍കാമെന്നും എസ്‌ഐ പറയുന്നു.
എസ് ഐ സുനില്‍ ഇതിന് മുന്‍പും വിവാദത്തിലകപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ നിലത്തിട്ട് ചവിട്ടിയത് സുനിലാണ്. മഹിജ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
Post Your Comments