KeralaLatest NewsNews

സമരം കൊണ്ടെന്ത് നേടി” എന്ന ചോദ്യം പണ്ട് മുതലാളിമാര്‍ ചോദിക്കാറുള്ളത്- വിമര്‍ശിച്ചും പരിഹസിച്ചും കാനം നടത്തിയ വാര്‍ത്താസമ്മേളനം ശ്രദ്ധേയം

തിരുവനന്തപുരം• സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടാണെന്ന സി.പി.എം നേതാവ് പ്രകാശ്‌ കാരാട്ടിന്റെ പ്രസ്താവനയ്ക്ക് പരസ്യ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടല്ല, ഇടതുപക്ഷ നിലപാടാണ് ഉള്ളതെന്ന് കാനം പറഞ്ഞു. പ്രകാശ്‌ കാരാട്ട് പരസ്യമായി പറഞ്ഞത് കൊണ്ടാണ് താന്‍ പരസ്യമായി മറുപടി പറയുന്നതെന്നും കാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വീഴ്ചകള്‍ എണ്ണിയെണ്ണി പറഞ്ഞ്യ മുഖ്യമന്ത്രിയുടേയും ഇ.പി ജയരാജന്റെയും എം.എം മണിയുടേയും ചെയ്തികളെയും പ്രസ്താവനകളേയും അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു.

മൂന്നാറിൽ റവന്യൂവകുപ്പ് നടപ്പാക്കുന്നത് എൽഡിഎഫ് സർക്കാരിന്‍റെ നയമാണ്. കൈയേറ്റങ്ങൾ ഒഴിപ്പിക്കും എന്നത് ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണ്. റവന്യൂ മന്ത്രിയുടെ നടപടികൾക്ക് പൂർണ പിന്തുണ സിപിഐ നൽകും. കൈയേറ്റങ്ങളും കുടിയേറ്റങ്ങളും രണ്ടായി കാണുമെന്ന നിലപാടിൽ മാറ്റമില്ല. കൈയേറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും കുടിയേറ്റക്കാരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കും എതിരേ രൂക്ഷ വിമർശനമാണ് കാനം നടത്തിയത്. പോലീസിന് മേൽ സർക്കാരിന് നിയന്ത്രണമില്ലാത്ത സ്ഥിതിയാണ് നിലവില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പോലീസിനെ ഇത്തരത്തിൽ കയറൂരി വിടരുത്. ഇടതു നയമല്ല പോലീസ് ഇപ്പോൾ നടപ്പാക്കുന്നത്. മുൻ ഡിജിപി രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രി ഉപദേശകനായി നിയമിച്ചതിനെയും കാനം പരിഹസിച്ചു.

ജിഷ്ണു കേസിൽ സമരം ചെയ്തവർ എന്ത് നേടിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തെയും അദ്ദേഹം വിമർശിച്ചു. സമരം ചെയ്തിട്ട് എന്ത് നേടിയെന്ന് മുൻപ് ചോദിച്ചിരുന്നത് മുതലാളിമാരാണെന്നായിരുന്നു കാനത്തിന്‍റെ പരിഹാസം. ജിഷ്ണുവിന്‍റെ കുടുംബം നടത്തിയ സമരം അവസാനിപ്പിക്കാൻ ഇടപെട്ടത് താനാണെന്ന് ഒരിടത്തും അവകാശവാദമുന്നയിച്ചിട്ടില്ല. താൻ വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ല. സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയുമായും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനുമായി മാത്രമാണ് താൻ സംസാരിച്ചിട്ടുള്ളത്. അവർക്ക് ഇക്കാര്യങ്ങൾ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസ് അതിക്രമങ്ങൾ എണ്ണിയെണ്ണി ഓർമിപ്പിച്ചായിരുന്നു കാനത്തിന്‍റെ വാർത്താ സമ്മേളനം. നിലന്പൂരിൽ വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ വിഷയം ചോദ്യം ചെയ്തത് സിപിഐ പ്രതിപക്ഷമായതുകൊണ്ടല്ല. പോലീസ് നടപ്പാക്കിയത് ഇടതുപക്ഷത്തിന്‍റെ നിലപാട് അല്ലാത്തതുകൊണ്ടാണ്. വ്യാജ ഏറ്റുമുട്ടൽ എവിടെ നടത്തിയാലും എതിർക്കപ്പെടേണ്ടതാണെന്നും ഇത്തരം സംഭവമുണ്ടായപ്പോഴെല്ലാം എടുത്ത നിലപാടാണ് നിലന്പൂർ വിഷയത്തിലും സിപിഐ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.എം.മണി നടത്തുന്ന പ്രസ്താവനകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. തനിക്കെതിരേ ഇ.പി.ജയരാജൻ നടത്തിയ വിമർശനങ്ങളോട് പ്രതികരിക്കുന്നില്ല. ഇടതുമുന്നണിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്ത ജയരാജനെ പോലെയുള്ളവർക്ക് താൻ മറുപടി പറയാൻ ആളായില്ലെന്നായിരുന്നു കാനത്തിന്‍റെ പരിഹാസം. തന്നെ മേലാവി എന്ന് വിളിച്ച ജയരാജൻ മലയാള ഭാഷയ്ക്ക് പുതിയ ഒരു പദം കൂടി നൽകിയെന്നും കാനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button