കൊല്ലം : കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം. നഗരാതിര്‍ത്തിക്കുള്ളിലെ തട്ടാമലയില്‍ യുവാവിനെ ഒരു സംഘം തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദിച്ചു. സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവേ തട്ടാമല സ്‌കൂളിന് സമീപം പിണയ്ക്കലില്‍ വെച്ചാണ് ഷഹിന് മര്‍ദനമേറ്റത്. ബൈക്കില്‍ എത്തിയ രണ്ട് പേര്‍ കാറില്‍ നിന്നും ഷഹിനെ പുറത്തിറക്കി ചോദ്യം ചെയ്യുകയും, ഫോണ്‍ ചെയ്ത് മറ്റ് ചിലരെ കൂടി വിളിച്ച് വരുത്തിയ ശേഷം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ പേരയം പനവിള വീട്ടില്‍ ഷഹിന്‍, ഇപ്പോള്‍ കൊല്ലം ജില്ലാ ആശുപത്രില്‍ ചികിത്സയിലാണ്.
സംഭവം നടന്ന പ്രദേശത്തെ പെണ്‍കുട്ടിയുമായി പ്രേമത്തിലാണെന്ന് ഷഹിന്‍ സമ്മതിച്ചെങ്കിലും, കൂട്ടുകാരനോടൊപ്പം കല്യാണ ആവശ്യത്തിനായി കേറ്ററിങ് ബുക്ക് ചെയ്യാന്‍ പോകുംവഴിയാണ് മര്‍ദനമേറ്റതെന്ന് ഷഹിന്‍ വ്യക്തമാക്കി. കമ്പി വടി കൊണ്ടുള്ള മര്‍ദനത്തില്‍ യുവാവിന്റെ നട്ടെല്ലിന് ക്ഷതം സംഭവിച്ചു. കണ്ണിനും ചെവിക്കും പരുക്ക് പറ്റിയിട്ടുണ്ട്. യുവാവ് പ്രദേശത്തിന് സമീപത്തെ ഒരു പെണ്‍കുട്ടിയുമായി പ്രേമത്തിലാണെന്നും, ഈ പെണ്‍കുട്ടിയെ കാണാന്‍ വന്നതിനെ തുടര്‍ന്നാണ് സംഘം മര്‍ദിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments