ന്യൂഡല്‍ഹി•ലോണ്‍ തിരിച്ചടവ്, ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുടങ്ങിയ ഇനങ്ങളില്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ബാങ്ക് ഇടപാടുകള്‍ നടത്തിയവര്‍ ഇനിമുതല്‍ ആദായ നികുതി റിട്ടേണില്‍ വിവരങ്ങള്‍ നല്‍കേണ്ടി വരും. നോട്ട് അസാധുവാക്കലിന് ശേഷമുള്ള 50 ദിവസങ്ങളില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ ഇടപാട് നടത്തിയവരാണ് വിവരങ്ങള്‍ ആദായനികുതി വകുപ്പിന് സമര്‍പ്പിക്കേണ്ടത്. ഒറ്റ പേജിലുള്ള പുതിയ റിട്ടേണ്‍ ഫോമിലാണ് വിവരങ്ങള്‍ ഫയല്‍ ചെയ്യേണ്ടത്.
വരുമാനം സംബന്ധിച്ച വിവരങ്ങള്‍ക്ക് പുറമെ നോട്ട് നിരോധനത്തിന് ശേഷം രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ബാങ്കില്‍ നിക്ഷേപിച്ചതിന്റെ വിവരങ്ങളും നല്‍കണം. ഇതിന് പുറമെയാണ് രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ലോണ്‍ തിരിച്ചടവുകളോ ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടവോ ഉണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും നല്‍കേണ്ടത്. ഇതിനായി പ്രത്യേകം കോളങ്ങള്‍ പുതിയ ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2017-18 അസസ്മെന്റ് വര്‍ഷത്തേക്കുള്ള (2016-17 സാമ്പത്തിക വര്‍ഷം) പരിഷ്കരിച്ച ആദായ നികുതി റിട്ടേണ്‍ ഫോം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആദായ നികുതി വകുപ്പ് പുറത്തിറക്കിയത്. വരുമാനവും ബാങ്ക് നിക്ഷേപങ്ങളും തമ്മിലുള്ള അന്തരം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങളെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്.
ക്രെഡിറ്റ് കാര്‍ഡുകള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ബാങ്കുകള്‍ നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം നിക്ഷേപങ്ങളും വരുമാനവും തുലനം ചെയ്യുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. നോട്ട് നിരോധനത്തിന് ശേഷമുള്ള വിവരശേഖരണാര്‍ത്ഥം ഈ വര്‍ഷം മാത്രമാണ് ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ ഫോം പഴയ പോലെ തന്നെ ആയിരിക്കുമെന്നും കേന്ദ്ര റവന്യൂ സെക്രട്ടറി ഹഷ്മുഖ് അദിയ വ്യക്തമാക്കി.
Post Your Comments