തിരുവനന്തപുരം: ദിവസങ്ങളായി അകപ്പെട്ടിരുന്ന രാഷ്ട്രീയപ്രതിസന്ധിയില്‍നിന്ന് സര്‍ക്കാരിന് തലയൂരാനായി. ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം ഒത്തുതീര്‍ക്കാനായതോടെയാണ് സർക്കാരിന് തലയൂരാനായത്. സര്‍ക്കാരിനും ഇടതുമുന്നണിക്കും ഇത് ആശ്വാസമാവുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിച്ഛായാനഷ്ടം മറികടക്കാന്‍ ഇനിയും ഏറെ സമയമെടുക്കും.
സര്‍ക്കാര്‍ വികസനരംഗത്ത് ചില പുതു വഴിത്താരകള്‍ക്ക് തുടക്കമിട്ടിരുന്നു. പക്ഷെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ജനവികാരത്തിനൊപ്പം നില്‍ക്കുന്നതിലും തുടരെ പരാജയപ്പെട്ടു. ഇത്തരമൊരു ദൗര്‍ബല്യമാണ് ലോഅക്കാദമി സമരത്തിലും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. മഹിജയുടെ സമരം ഇടതുമുന്നണിയിലും സി.പി.എമ്മിലും ചില അലോസരങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
സി.പി.എമ്മില്‍ പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചെങ്കിലും കേന്ദ്രനേതൃത്വം ഇടപെട്ടതിനെത്തുടര്‍ന്ന് വഴങ്ങി. സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ പരസ്യ നിലപാടില്‍ സി.പി.എം കേന്ദ്ര-സംസ്ഥാനനേതൃത്വങ്ങള്‍ അതൃപ്തിയിലാണ്. പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ്കാരാട്ട് പരസ്യമായി ഇതു പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനോടുള്ള സി.പി.ഐ.യുടെ പ്രതികരണം മലപ്പുറം ഉപതിരഞ്ഞെടുപ്പിനുശേഷം ചേരുന്ന സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലുണ്ടാകുമെന്നാണ് സൂചന.
Post Your Comments