കൊച്ചി: വികസനം ലക്ഷ്യമാക്കി റിസർവ് ബാങ്ക് പുതിയതരം വികസന ബാങ്കുകൾക്ക് രൂപം കൊടുക്കുന്നു. ആർബിഐയുടെ അടുത്ത ലക്ഷ്യം വികസനോന്മുഖ വ്യവസായങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്നതിനു മാത്രമായുള്ള ബാങ്കുകൾ. വികസനോന്മുഖ ധനസേവനത്തിനു മാത്രമായി നിലവിൽവന്ന സ്ഥാപനങ്ങളുടെയും ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് രംഗത്തെ ഏജൻസികളുടെയും പ്രവർത്തന മാതൃകകളുടെ സംയോജിതവും അതേസമയം പരിഷ്കൃതവുമായ പതിപ്പാണ് ആർബിഐ ലക്ഷ്യമിടുന്നത്.
സംവിധാനം അടിസ്ഥാന സൗകര്യ വികസന മേഖലയുടെയും മറ്റും മൊത്തത്തിലുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ ഉപകരിക്കുന്നതും ദീർഘകാല ധനപിന്തുണ നൽകുന്നതുമായിരിക്കും. ‘ഹോൾസെയിൽ ആൻഡ് ലോങ് ടേം ഫിനാൻസ് ബാങ്കുകൾ’ എന്ന വിഭാഗത്തിൽപ്പെടുത്തിയായിരിക്കും പ്രവർത്തനാനുമതി.
കിട്ടാക്കടത്തിന്റെ തോതിലെ വർധനയുടെ പശ്ചാത്തലത്തിൽ വാണിജ്യ ബാങ്കുകൾ സേവന, വ്യവസായ മേഖലകളിലെ സ്ഥാപനങ്ങൾക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും മറ്റും വായ്പ അനുവദിക്കുന്നതിൽ വലിയ താൽപര്യം കാട്ടുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഈ ആക്ഷേപത്തിനു പുതിയ സംവിധാനം പരിഹാരമായേക്കുമെന്നു പ്രതീക്ഷിക്കുന്നു.
ആയിരം കോടി രൂപയോ അതിലധികമോ അടച്ചുതീർത്ത ഓഹരി മൂലധനമുള്ള സ്ഥാപനങ്ങൾക്കു മാത്രമേ ‘ഹോൾസെയിൽ ആൻഡ് ലോങ് ടേം ഫിനാൻസ് ബാങ്ക്’ ആരംഭിക്കാൻ അനുമതി നൽകുകയുള്ളൂ. ബാങ്കിനു സേവിങ്സ് നിക്ഷേപം സ്വീകരിക്കാനാവില്ല. കറന്റ് അക്കൗണ്ട്, കാലാവധി നിക്ഷേപം എന്നിവയിലൂടെ ധനസമാഹരണം നടത്താം.
‘ഹോൾസെയിൽ ആൻഡ് ലോങ് ടേം ഫിനാൻസ് ബാങ്ക്’ എന്ന ആശയം സംബന്ധിച്ചു പൊതു അഭിപ്രായം അഭ്യർഥിച്ചിരിക്കുകയാണ് ആർബിഐ. മേയ് 19 വരെ ലഭിക്കുന്ന അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.
Post Your Comments