KeralaLatest NewsNews

മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകകൾക്കെതിരെ പുതിയ നിയമം വരുന്നു

തിരുവനന്തപുരം: മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകകൾക്കെതിരെ പുതിയ നിയമം വരുന്നു. ഇത്തരം സ്കൂളുകളുടെ അംഗീകാരം പിന്‍വലിക്കുന്നതടക്കമുള്ള വ്യവസ്ഥകളുമായിയാണ് പുതിയ നിയമംവരുന്നത്. മലയാളപഠനം പത്താംക്ലാസ് വരെ നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സിന്റെ കരടാണ് തയാറായിരിക്കുന്നത്. സി.ബി.എസ്.ഇ.യില്‍ ഹയര്‍ സെക്കന്‍ഡറിക്ക് ഭാഷാപഠനം ഇല്ലാത്തതിനാലാണ് പത്താം ക്ലാസ് വരെയാക്കി ഇത് പരിമിതപ്പെടുത്തിയത്. അടുത്ത മന്ത്രിസഭായോഗത്തില്‍ ഓര്‍ഡിനന്‍സിന്റെ കരട് ചര്‍ച്ചയ്ക്ക് വന്നേക്കും.

അതത് ബോര്‍ഡുകളുമായിട്ടാണ് സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളുടെ അഫിലിയേഷന്‍. അത്തരം സ്‌കൂളുകള്‍ക്ക് നല്‍കുന്ന എതിര്‍പ്പില്ലാ രേഖയാകും (എന്‍.ഒ.സി.) സര്‍ക്കാര്‍ പിന്‍വലിക്കുക. 12 വരെ ഭാഷാപഠനം നിര്‍ബന്ധമാക്കണോയെന്ന കാര്യത്തില്‍ മന്ത്രിസഭ അന്തിമ തീരുമാനമെടുക്കും. അടുത്ത അധ്യയനവര്‍ഷം മുതല്‍ മലയാളപഠനം നിര്‍ബന്ധമാക്കാന്‍ ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍, എയ്ഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., സ്വാശ്രയ സ്‌കൂളുകളിലെല്ലാം നിയമം ബാധകമായിരിക്കും. ഭാഷാന്യൂനപക്ഷങ്ങളുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും നിയമം നടപ്പാക്കും.

പഠനം പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാകും. മലയാളത്തിന് പരീക്ഷയും നടത്തണം. വിദേശത്തുനിന്നോ, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ മലയാളം പഠിക്കാതെ ഉയര്‍ന്ന ക്ലാസുകളിലേക്ക് വരുന്ന കുട്ടികളും മലയാളം പഠിക്കണം. അവര്‍ക്ക് ആദ്യവര്‍ഷം പരീക്ഷയുണ്ടാകില്ല. സ്‌കൂളുകളില്‍ കുട്ടികള്‍ മലയാളം സംസാരിക്കുന്നത് വിലക്കുന്നത് നിയമവിരുദ്ധമാണ്. അത്തരം സ്‌കൂളുകള്‍ക്ക് 500 രൂപ പിഴയിടും. മൂന്ന് പ്രാവശ്യം ഇതാവര്‍ത്തിച്ചാല്‍ ആ സ്‌കൂളിന്റെ എന്‍.ഒ.സി. പിന്‍വലിക്കും. സംസ്ഥാനത്ത് അഫിലിയേറ്റ് ചെയ്ത സ്‌കൂളാണെങ്കില്‍ അംഗീകാരം റദ്ദാക്കും.

shortlink

Post Your Comments


Back to top button