Latest NewsKeralaNews

കണ്ണില്‍ ചോരയില്ലാതെ വീണ്ടും പോലീസിന്റെ ക്രൂരത : ദളിത് യുവാവിനെ പോലീസ് തല്ലി ചതച്ചു

കഴക്കൂട്ടം: ദളിതനായ സെക്യൂരിറ്റി ജീവനക്കാരനെ കഴക്കൂട്ടം എസ്.ഐ തല്ലിച്ചതച്ചശേഷം ഇറക്കിവിട്ടു.കരിച്ചാറ അപ്പോളോ കോളനിയിൽ താമസിക്കുന്ന അരുണിനെയാണ് (25) ജനമൈത്രി പൊലീസിന്റെ പരിപാടിയിൽ പങ്കെടുക്കാനെന്ന വ്യാജേന ജോലിസ്ഥലത്തുനിന്ന് വിളിച്ചുകൊണ്ടുപോയ ശേഷം എസ്.ഐ തല്ലിച്ചതച്ചത്. കിൻഫ്രയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ‌അരുൺ.

മർദ്ദനത്തിൽ മൂക്കിനും ഗുരുതരമായ ക്ഷതമുണ്ടാവുകയും ഒരു ചെവിയുടെ കേൾവി നഷ്ടപ്പെടുകയും പല്ലിന് കേടുപാടുണ്ടാവുകയും ചെയ്തു. മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സതേടിയ അരുൺ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർക്ക് പരാതി നൽകി. എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.എസ്.പി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു.

മൂന്ന് വർഷം മുമ്പ് കഴക്കൂട്ടത്തുള്ള ഒരു പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് ‌അപ്പോളോ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. ആ സമയത്ത് കെ.പി.എം.എസിന്റെ കരിച്ചാറ ശാഖാ സെക്രട്ടറിയായിരുന്നു അരുണിനെ ജ്യാമ്യത്തിലിറക്കാൻ പോയിരുന്നത്. അന്ന് അരുണിന്റെയും യുവാവിന്റെയും ഫോൺ നമ്പരുകൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അടുത്തിടെ ഈ പെൺകുട്ടിയെ വീണ്ടും കാണാതായി. അതുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ്‌ ‌കഴക്കൂട്ടം പൊലീസ് എത്തി ജനമൈത്രി പൊലീസിന്റെ ഒരു പരിപാടിയുണ്ടെന്ന് കിൻഫ്ര അധികൃതരെ തെറ്റിദ്ധരിപ്പിച്ച് അരുണിനെ ജീപ്പിൽ കയറ്റിയത്.

സ്റ്റേഷനിൽ വച്ച് ഒരു വനിതാ പൊലീസുകാരി കാണാതായ പെൺകുട്ടിയുടെ ഫോട്ടോ കാണിച്ച് ഈ കുട്ടിയെ അറിയുമോയെന്ന് ചോദിച്ചു. അറിയില്ലെന്ന്‌ പറഞ്ഞയുടനേ എസ്.ഐയും പൊലീസുകാരും ചെകിടത്തും മുതുകിലും മർദ്ദിക്കുകയായിരുന്നു. പച്ചവെള്ളം പോലും കൊടുക്കാതെ നാലുമണിവരെ സ്റ്റേഷനിൽ പിടിച്ചിരുത്തി. ഇതിനിടയിൽ ബോധക്ഷയമുണ്ടായതിനെ തുടർന്ന് പൊലീസ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചശേഷം തിരികെ സ്റ്റേഷനിൽ എത്തിച്ചു.

ഒരു കേസിന്റെ ആവശ്യത്തിനായി ആളുമാറി കൊണ്ടുവന്നതാണെന്ന് പറ‍ഞ്ഞ് കേസെടുക്കാതെ രണ്ട് സുഹൃത്തുക്കളോടൊപ്പം പിന്നീട്‌ അരുണിനെ ഇറക്കി വിടുകയായിരുന്നു. ഇതിനിടയിൽ, കാണാതായ പെൺകുട്ടിയെ മലപ്പുറത്തുനിന്ന് കണ്ടെത്തി. കാണാതായ പെൺകുട്ടിയുമായി ബന്ധപ്പെട്ട് മൂന്ന് വർഷം മുമ്പ് അരുണിനെ പിടികൂടിയിരുന്നുവെന്നും ഇപ്പോഴത്തെ കേസിൽ അരുണിന് യാതൊരു പങ്കുമില്ലെന്നും കഴക്കൂട്ടം സി.ഐ അജയകുമാർ പറഞ്ഞു.

നേരത്തേ സി.ഐ മാത്രം സ്റ്റേഷന്റെ മേൽനോട്ടം വഹിച്ചിരുന്ന സമയത്ത് ഈ ജനമൈത്രി പൊലീസ് സ്റ്റേഷനിൽ ജനങ്ങൾക്ക്‌ നീതി കിട്ടിയിരുന്നു. എന്നാൽ അസിസ്റ്റന്റ് കമ്മിഷണർക്കു കൂടി കഴക്കൂട്ടത്ത് ആസ്ഥാനമായപ്പോൾ വാദി പ്രതിയാകുകയും നിരപരാധികളെ തല്ലുകയും ചെയ്യുന്ന സ്റ്റേഷനായി കഴക്കൂട്ടം മാറിയെന്ന്‌ നാട്ടുകാർ ആരോപിക്കുന്നു. അരുണിനെ ആളുമാറി തല്ലിയ എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്ന്‌ കോൺഗ്രസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button