ദുബായ് : റോഡുകളുടെ നിലവാരം, അറ്റകുറ്റപ്പണി വേണ്ട റോഡുകള്‍, മേഖലകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യാന്‍ സഹായിക്കുന്ന ബ്രിജസ് ആന്‍ഡ് മെയിന്റനന്‍സ് സിസ്റ്റം (ബിഎംഎംഎസ്) പ്രോഗ്രാം റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍ടിഎ) ആരംഭിച്ചു.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിന്റെയും രാജ്യാന്തര തലത്തിലെ മികച്ച രീതികള്‍ പിന്തുടരുന്നതിന്റെയും ഉദാഹരണമാണിതെന്ന് ആര്‍ടിഎ ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സി സിഇഒ മൈത്ത ബിന്‍ അദായി പറഞ്ഞു. റോഡുകള്‍, തുരങ്കങ്ങള്‍, പാലങ്ങള്‍, റോഡിനു സമീപം സ്ഥാപിച്ചിരിക്കുന്ന സംവിധാനങ്ങള്‍ തുടങ്ങിയവയാണു ദുബായ് എമിറേറ്റിന്റെ അടിസ്ഥാന സൗകര്യത്തിന്റെ കാതലായ ഭാഗങ്ങള്‍. ഇവയുടെ സംരക്ഷണത്തിനും അറ്റകുറ്റപ്പണികള്‍ക്കും അത്യാധുനികമായ ഒരു സാങ്കേതിക പദ്ധതിയുടെ ആവശ്യമുണ്ടായിരുന്നു.
ബി.എം.എം.എസ് വഴി ഇവയുടെ സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കാനാവും. റോഡ് സൗകര്യങ്ങളുടെ പ്രവര്‍ത്തനം മികവുറ്റതാക്കാനും റോഡിനു സമീപം സ്ഥാപിച്ചിരിക്കുന്ന വിവിധ സംവിധാനങ്ങളുടെ സുഗമമായ നടത്തിപ്പും കാര്യക്ഷമമാക്കാനും ഇതു സഹായിക്കും. റോഡ് സൗകര്യങ്ങളുടെ സംയോജിത ഡേറ്റാ ബേസ് ലഭ്യമാകുന്നതോടെ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ സഹായത്തോടെ, അറ്റകുറ്റപ്പണികള്‍ യഥാവിധി നടപ്പാക്കാനും കഴിയും.
അസറ്റ് മാനേജ്മെന്റ് ഡിപ്പാര്‍ട്മെന്റ്, ജിഐഎസ് തുടങ്ങിയവയുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ സ്മാര്‍ട് ആപുകളും സ്മാര്‍ട് പോര്‍ട്ടബിള്‍ ഉപകരണങ്ങളും ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. വിവരങ്ങള്‍ പെട്ടെന്നു നവീകരിക്കാനും അറ്റകുറ്റപ്പണികള്‍ വേണ്ട സ്ഥലം കൃത്യമായി മനസ്സിലാക്കാനും സംവിധാനം സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments